3 people arrested in vadakara

arrest

കോഴിക്കോട്: വടകരയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന പണവും മദ്യവും തട്ടിയെടുക്കുന്ന മൂന്നംഗ സംഘം പിടിയിലായി.

ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങിയ ശേഷം മടങ്ങുന്നവരെ പറ്റിച്ച് പണം തട്ടുന്നവരെയാണ് പൊലീസ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശികളായ ഖാലിദ്, മമ്മൂഞ്ഞ്, സക്കറിയ എന്നിവരാണ് അറസ്റ്റിലായത്.

വടകരയിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റില്‍ നിന്ന് മദ്യം വാങ്ങി പോകുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തട്ടിപ്പ് നടന്നിരുന്നത്.

എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന എത്തുന്ന മൂന്നംഗ സംഘം ഭീഷണിപ്പെടുത്തി ആളുകളില്‍ നിന്ന് പണം വാങ്ങുകയും മദ്യവുമായി കടന്നുകളയുകയും ചെയ്യുന്നതായിരുന്നു രീതി.

ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ ആള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

വടകര പുതിയസ്റ്റാന്റ് പരിസരത്ത് വെച്ചാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. ഈ സംഘം ഇത്തരത്തില്‍ പലയിടത്തും തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.

സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായവര്‍ക്ക് എതിരെ കവര്‍ച്ചാ കുറ്റത്തിന് പുറമേ ആള്‍മാറാട്ടത്തിനും പൊലീസ് കേസെടുത്തു.

Top