ശ്രമങ്ങള്‍ വിഫലം; തെലങ്കാനയില്‍ കുഴല്‍ കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ കുട്ടിയുടെ മൃതദേഹമാണ് പുറത്തെടുക്കാനായത്.

ഏകദേശം 17 അടിയോളം ആഴത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് തെലങ്കാന മേദകില്‍ സായ് വര്‍ധന്‍ എന്ന മൂന്നുവയസുകാരന്‍ അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. കുട്ടിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം വൈകുന്നേരം തന്നെ ആരംഭിച്ചിരുന്നു.

പോലീസിനൊപ്പം ദേശീയ ദുരന്തനിവരാണസംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നു. കുട്ടിയ്ക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും യന്ത്രങ്ങളുടെ സഹായത്തോടെ കിണറിന് സമാന്തരമായി കുഴിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.എന്നാല്‍ എല്ലാ ശ്രമങ്ങളും വിഫലമാക്കിക്കൊണ്ട് സായ് വര്‍ധന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പാപന്നംപേട്ട് മണ്ഡലിലെ മംഗലി ഭിക്ഷാപതിയുടെ മകന്‍ സായ് വര്‍ധന്‍ അച്ഛനും മുത്തച്ഛനുമൊപ്പം കൃഷിയിടത്തില്‍ നടക്കുന്നതിനിടെയാണ് കുഴല്‍ക്കിണറില്‍ വീണത്. കുട്ടി വീഴുന്നത് കണ്ടയുടനെ ബന്ധുക്കള്‍ സാരി ഉപയോഗിച്ച് കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.ക്യാമറകളുടെ സഹായത്തോടെ കിണറ്റിനുള്ളില്‍ കുട്ടിയുടെ സ്ഥാനം കണ്ടെത്താന്‍ ശ്രമിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് സായിയുടെ അച്ഛന്‍ ഗോവര്‍ധന്റെ നേതൃത്വത്തില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഇവിടെ രണ്ട് കുഴല്‍ക്കിണര്‍ കുഴിച്ചത്. വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഒരെണ്ണം ഉപേക്ഷിച്ചു. ഇതിലൊന്നിലാണ് കുട്ടി വീണത്.

കുഴി അടയ്ക്കുകയോ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കുകയോ ചെയ്യാതെയാണ് ഒരു കുഴല്‍ക്കിണര്‍ ഉപേക്ഷിച്ചതെന്ന് കര്‍ഷകനായ ഗോവര്‍ദ്ധന്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതേസമയംഅനുമതിയില്ലാതെയാണ് കിണറുകള്‍ കുഴിച്ചതെന്ന് ജില്ലാ കളക്ടര്‍ ധര്‍മ റെഡ്ഡി അറിയിച്ചു. അനുമതിയില്ലാതെ കുഴല്‍ക്കിണര്‍ നിര്‍മാണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Top