യുപിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്ന് 30 കുട്ടികള്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്നതിനെ തുടര്‍ന്ന് 30 കുട്ടികള്‍ മരിച്ചു.

ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 48 മണിക്കൂറിനിടെയാണ് മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സി കഴിഞ്ഞദിവസം രാത്രി ഇത് അവസാനിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് മൂന്നു വാര്‍ഡുകളിലായി ചികിത്സയിലുണ്ടായിരുന്ന 20 കുട്ടികള്‍ മരിച്ചു.

ഇവരില്‍ കൂടുതലും മസ്തിഷ്‌കവീക്കത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരുന്നവരാണ്. ഇതിനുശേഷവും ഓക്‌സിജന്‍ വിതരണം പൂര്‍വസ്ഥിതിയിലാകാതിരുന്നതിനെ തുടര്‍ന്ന് 10 കുഞ്ഞുങ്ങള്‍ കൂടി മരണത്തിനു കീഴടങ്ങുകയായിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമാണ് ഗൊരഖ്പുര്‍. രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി യോഗി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഈ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദുരന്തമുണ്ടായത്. ദുരന്തത്തെ കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് ആശുപത്രി 66 ലക്ഷം രൂപ കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് അവര്‍ ഓക്‌സിജന്‍ വിതരണം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും ആശുപത്രി ഇത് അവഗണിക്കുകയായിരുന്നു.

ആശുപത്രിയിലെ ടെക്‌നീഷ്യന്‍മാര്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top