‘സൈന്യത്തിൽ മുസ്ലീങ്ങൾക്ക് 30 ശതമാനം സംവരണം വേണം’; ആവശ്യവുമായി ജെഡിയു നേതാവ്

പട്‌ന: ഇന്ത്യൻ സൈന്യത്തിൽ മുസ്‌ലീങ്ങൾക്ക് 30 ശതമാനമെങ്കിലും സംവരണം വേണമെന്നാവശ്യപ്പെട്ട് ജെഡിയു നേതാവ് ഗുലാം റസൂൽ ബാലിവായ്. സ്വന്തം കുറ്റം മറച്ചുവെക്കാൻ ബിജെപി സൈന്യത്തെ ഉപയോ​ഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജെഡിയു നേതാവ് ഇക്കാര്യം പറഞ്ഞത്.

ബിജെപി തങ്ങളുടെ തെറ്റുകൾ മറയ്ക്കാൻ സൈന്യത്തിന് പിന്നിൽ ഒളിക്കുന്നു. വോട്ടിനായി സൈനികരുടെ രക്തത്തിൽ ബിജെപി വിട്ടുവീഴ്ച ചെയ്തു. നമ്മുടെ സേനയുടെ ത്യാഗവും ധീരതയും രക്തസാക്ഷിത്വവും ബിജെപി അവർക്കുവേണ്ടി പ്രയോജനപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ജനങ്ങൾക്ക് സൈന്യത്തിൽ വിശ്വാസമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, സായുധ സേനയിൽ മുസ്ലീങ്ങൾക്ക് 30 ശതമാനം സംവരണം നൽകണമെന്ന് ജെഡിയു നേതാവ് ആവശ്യപ്പെട്ടു.

ബാലിവായുടെ പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രം​ഗത്തെത്തി. ബാലിവായെ ശാസിച്ചെന്നും അദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഫെബ്രുവരി 14നാണ് പുൽവാമ ഭീകരാക്രമണം നടന്നത്. 40ഓളം സൈനികർ കൊല്ലപ്പെട്ടു. തുടർന്ന് ഇന്ത്യ പാകിസ്ഥാനിൽ മിന്നലാക്രമണം നടത്തി. പുൽവാമയിൽ രക്തസാക്ഷിത്വം വഹിച്ച സൈനികർക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രണാമമർപ്പിച്ചു.

Top