പെഗാസസ് സ്പൈ വെയര്‍ ഉപയോഗിച്ച് ജോര്‍ദാനില്‍ 30 ഓളം പേരുടെ സെല്‍ഫോണുകള്‍ ഹാക്ക് ചെയ്തതായി ഡിജിറ്റല്‍ അവകാശ കൂട്ടായ്മയായ ആക്സസ് നൗ വ്യാഴാഴ്ച വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരടുടെ ഫോണുകളാണ് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് വിവരം. ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച കുപ്രസിദ്ധ ചാര സോഫ്റ്റ് വെയര്‍ ആണ് പെഗാസസ്. 2020 മുതല്‍ കഴിഞ്ഞ നവംബര്‍ വരെ ഹാക്കിങ് നടന്നിരുന്നുവെന്ന് ആരോപിച്ച ആക്സസ് നൗ, സംഭവത്തില്‍ ജോര്‍ദാന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്ന് ആരോപിച്ചില്ല. എന്നാല്‍ സര്‍ക്കാരിന്റെ പങ്ക് ഇതിന് പിന്നിലുണ്ടെന്ന സംശയം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. 2022 ല്‍ സമാനമായ സംഭവത്തില്‍ പെഗാസസ് ആക്രമണത്തിന് പിന്നില്‍ ജോര്‍ദാന്‍ ഭരണകൂടത്തിന്റെ ഏജന്റുമാര്‍ക്ക് പങ്കുള്ളതായി ടൊറന്റോ സര്‍വകലാശാലയിലെ സിറ്റിസന്‍ ലാബ് കണ്ടെത്തിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷം എന്‍എസ്ഒ ഗ്രൂപ്പുമായി ജോര്‍ദാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമമായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ആഡം കൂഗിള്‍ ആണ് മാല്‍ വെയര്‍ ലക്ഷ്യമിട്ടവരില്‍ ഒരാള്‍. തങ്ങളെ ഹാക്ക് ചെയ്യാന്‍ ജോര്‍ദാന്‍ സര്‍ക്കാരല്ലാതെ മറ്റാരാണ് താല്‍പ്പര്യപ്പെടുന്നത് എന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസമാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. സംഭവത്തില്‍ ജോര്‍ദാന്‍ ഭരണകൂടം പ്രതികരിച്ചിട്ടില്ല. ജോര്‍ദാനിലെ പെഗാസസ് ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണിതെന്നും ഇരകളുടെ എണ്ണം ഇതിലും കൂടുതലായിരിക്കാം എന്നും ആക്സസ് നൗ വ്യാഴാഴ്ച പറഞ്ഞു. 30 മുതല്‍ 35 പേര്‍ വരെ വിജയകരമായി ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. മുമ്പ് ഇന്ത്യയിലും മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നേരെ പെഗാസസ് ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു.
ഇസ്രേയേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിക്കുന്ന ഈ നിരീക്ഷണ സോഫ്റ്റ് വെയര്‍, വിവിധ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിയമനിര്‍വഹണ ഏജന്‍സികള്‍ക്കും മാത്രമാണ് നല്‍കാറുള്ളത് എന്നാണ് എന്‍എസ്ഒ ഗ്രൂപ്പിന്റെ വാദം. എന്നാല്‍ രാഷ്ട്രീയ പ്രേരിതമായി പെഗാസസ് മാല്‍ വെയര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് സൈബര്‍ സുരക്ഷാ ഗവേഷകരുടെ കണ്ടെത്തല്‍. 45 ഓളം രാജ്യങ്ങളില്‍ അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021 ല്‍ എന്‍എസ്ഒ ഗ്രൂപ്പിനെ യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.