3000 ബിഎച്ച്പി കരുത്ത്, 108 കോടി രൂപ വില; വിപണിയെ ഞെട്ടിക്കാന്‍ അള്‍ട്രാകാര്‍ എത്തുന്നു

ഗ്രീക്ക് സ്റ്റാര്‍ട് അപ് കമ്പനിയായ എസ് പി ഓട്ടമോട്ടീവ് ലോകത്തിലെ ആദ്യ അള്‍ട്രാകാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. 3000 ബി എച്ച് പി കരുത്തോടെ എത്തുന്ന ഈ കാറിന്റെ പേര് കെയോസ് എന്നാണെന്നും കാറിനുള്ള ബുക്കിങ് എസ് പി ഓട്ടമോട്ടീവ് ഉടന്‍ സ്വീകരിക്കുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനത്തിന്റെ അടിസ്ഥാന വകഭേദത്തിന് 65 ലക്ഷം ഡോളര്‍ (എകദേശം 48.75 കോടി രൂപ) ആവും വില എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, 3000 ബി എച്ച് പി എന്‍ജിനോടെയെത്തുന്ന കൂടിയ പതിപ്പിനു 1.44 കോടി ഡോളര്‍ അഥവാ 108 കോടി രൂപ ആണ് പ്രതീക്ഷിക്കുന്ന വില എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നാലു ലീറ്റര്‍, ഇരട്ട ടര്‍ബോ, വി 10 എന്‍ജിനായിരിക്കും കെയോസിനു കരുത്തേകുക എന്ന് എസ് പി ഓട്ടമോട്ടീവ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മധ്യത്തിലായി ഘടിപ്പിക്കുന്ന എന്‍ജിന്‍ രണ്ടു ട്യൂണിങ് സ്ഥിതികളില്‍ ലഭ്യമാവും. പരമാവധി 2,000 ബി എച്ച് പി കരുത്തും 3,000 ബി എച്ച് പി കരുത്തും എന്‍ജിന്‍ സൃഷ്ടിക്കും. എട്ടു സ്പീഡ് ഡ്യുവല്‍ ക്ലച് ഗീയര്‍ബോക്‌സാവും ട്രാന്‍സ്മിഷന്‍.

കെയോസ് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നത് നവംബര്‍ ഒന്നിനായിരിക്കുമെന്നാണ് സൂചന. തുടര്‍ന്ന് കാറിനുള്ള ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങും. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ കാര്‍ കൈമാറുമെന്നും കമ്പനി വ്യക്തമാക്കി. പരമാവധി പതിനഞ്ചോ ഇരുപതോ കാര്‍ മാത്രം നിര്‍മിക്കാനാണ് എസ് പി ഓട്ടമോട്ടീവിന്റെ പദ്ധതി.

 

Top