മുംബൈ : ചെങ്കോട്ടയില്‍ കാവിക്കൊടി പാറിച്ചതില്‍ അഹങ്കരിക്കുന്ന ബി.ജെ.പിയെ ഞെട്ടിച്ച് കാവിക്കോട്ടയില്‍ ചെമ്പടയുടെ മുന്നേറ്റം.
സി.പി.എമ്മിനു കാര്യമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയുടെ തെരുവീഥികളെ ചുവപ്പണിയിച്ച് ചെങ്കൊടിയുമായി നീങ്ങുന്ന കര്‍ഷകര്‍ ബി.ജെ.പി ഭരണകൂടത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
നാസിക്കില്‍ നിന്നും 200 കിലോമീറ്റര്‍ കാല്‍ നടയായി ചുട്ടുപ്പൊള്ളുന്ന വെയിലില്‍ സഞ്ചരിക്കുന്ന കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് ഈ മാസം 12 ന് മഹാരാഷ്ട്ര നിയമസഭാ മന്ദിരത്തിന് സമീപമാണ് സമാപിക്കുന്നത്.
അര ലക്ഷത്തോളം കര്‍ഷകര്‍ ഇപ്പോള്‍ തന്നെ മാര്‍ച്ചില്‍ അണിനിരന്നു കഴിഞ്ഞു. തലസ്ഥാനതെത്തുമ്പോള്‍ ഇതിലും വളരെയധികം പേര്‍ പങ്കാളിയാവുമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കലില്‍ നിന്നും പിന്‍മാറുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില ഉറപ്പാക്കുക, നഷ്ടപരിഹാരം വര്‍ധിപ്പിക്കുക, വനാവകാശ നിയമം നടപ്പാക്കുക, കര്‍ഷക പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക, നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കുക എന്നിവയാണ് കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
മാര്‍ച്ച് അവസാനിക്കുന്നതിനു മുന്‍പ് തങ്ങള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലങ്കില്‍ നിയമസഭാ മന്ദിരം വളയുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സര്‍ക്കാറിനെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്.
നേരത്തെ കര്‍ഷക പ്രക്ഷോഭം ശക്തമായപ്പോള്‍ 34,000 കോടി രൂപയുടെ കടാശ്വാസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും അര്‍ഹമായതൊന്നും കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. ഇതാണ് സമരക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 1995 മുതല്‍ 2013 വരെ മാത്രം 60,000 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്.
ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സി.പി.എം നേതാവും അഖിലേന്ത്യാ കിസാന്‍ സഭ ജോയന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കിടയില്‍ നടത്തിയ ശക്തമായ ഇടപെടലാണ് വന്‍ പ്രക്ഷോഭമായി ഇപ്പോള്‍ വളര്‍ന്നിരിക്കുന്നത്.
ലോങ്ങ് മാര്‍ച്ച് നയിക്കുന്നവരില്‍ പ്രമുഖന്‍ മലയാളിയായ ഈ കമ്യൂണിസ്റ്റാണ്. മുന്‍ എസ്.എഫ്.ഐ നേതാവ് കൂടിയായ ഈ ചെറുപ്പക്കാരന്‍ ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്നു.
കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂര്‍ സ്വദേശിയാണ് വിജുകൃഷ്ണന്‍. രാജ്യത്തെ കര്‍ഷകസമരപോരാട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് വിജു. ജെഎന്‍ യുവില്‍ പഠിക്കുന്ന കാലത്തായിരുന്നു വിജുകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്താണ് നേതൃസ്ഥാനത്തേക്ക് കടന്നുവരുന്നത്.
നവഉദാരീകരണ നയങ്ങള്‍ എങ്ങനെ കേരളത്തിലെയും ആന്ധ്രയിലെയും കര്‍ഷകരെ ബാധിച്ചു എന്ന വിഷയത്തിലായിരുന്നു വിജുകൃഷ്ണന്റെ പിഎച്ച്ഡി ഗവേഷണം.
ബംഗളൂരു സെന്റ് ജോസഫ്‌സ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനായിരുന്ന വിജുകൃഷ്ണന്‍ ജോലി രാജിവച്ചാണ് മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. 2009 മുതല്‍ കര്‍ഷകസംഘ നേതൃസ്ഥാനത്തുള്ള വിജുകൃഷ്ണന്‍ ഏറെ ചരിത്ര പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കരിവെള്ളൂരിലാണ് ജനിച്ചത്.
ഇകെ നായനാര്‍ ഉള്‍പ്പെടെ നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വിജു കൃഷ്ണന്റെ വീട്ടില്‍ ഒളിവില്‍ താമസിച്ചിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സമരം ചെയ്യാനും സദാ സന്നദ്ധനായ സമരപോരാളിയാണ് ഈ സഖാവ്.
2018 ഫെബ്രുവരിയില്‍ രാജസ്ഥാനില്‍ നടന്ന കര്‍ഷക സമരത്തില്‍ സജീവമായി പങ്കെടുത്ത വിജുകൃഷ്ണന്‍ ഉനയില്‍ 2016 ആഗസ്റ്റ് 15ന് നടന്ന ചരിത്ര സമരത്തിലും ജിഗ്‌നേഷ് മേവാനിക്കൊപ്പം സമരക്കാരെ അഭിസംബോധന ചെയ്തും സംസാരിച്ചിരുന്നു.
2016 നവംബറില്‍ തമിഴ്‌നാട് വിരുദനഗറില്‍ ആരംഭിച്ച കിസാന്‍ സഭയുടെ കിസാന്‍ സംഘര്‍ഷ് ജാഥയുടെ അമരത്തും വിജുകൃഷ്ണന്‍ ഉണ്ടായിരുന്നു.
വിജുകൃഷ്ണന്റെ കൂടി നേതൃത്വത്തില്‍ നടക്കുന്ന ലോങ് മാര്‍ച്ച് ബിജെപി സര്‍ക്കാരിന് സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഴം മാര്‍ച്ച് 12ന് അറിയാം.
ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ഷക പ്രക്ഷോഭത്താല്‍ ബി.ജെ.പി ശക്തികേന്ദ്രമായ മഹാരാഷ്ട്ര കൈവിട്ടു പോകുമോയെന്ന ഭയത്തിലാണ് കേന്ദ്ര നേതൃത്വം.
നിലവില്‍ ശിവസേന ഉടക്കിയപ്പോള്‍ പോലും ഭയപ്പെടാതിരുന്ന ബി.ജെ.പി സി.പി.എം കര്‍ഷകരെ തെരുവിലിറക്കി നടത്തുന്ന സമരത്തിനു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ്.
പൊലീസ് നടപടിയിലേക്ക് കടന്നാല്‍ വന്‍ രക്തചൊരിച്ചില്‍ ഉണ്ടാകുമെന്നും കലാപമായി പടരുമെന്നുമുള്ള ഭീതിയും സര്‍ക്കാറിനുണ്ട്.
ഇത്തരം നടപടി ദേശീയ തലത്തില്‍ തന്നെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാറും സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിക്കുകയാണ്.
സി.പി.എമ്മിന് എങ്ങനെ ഇത്ര വലിയ പ്രക്ഷോഭം സംസ്ഥാനത്ത് ഉയര്‍ത്തി കൊണ്ടുവരാന്‍ സാധിച്ചു എന്നതാണ് ബി.ജെ.പിയെ അത്ഭുതപ്പെടുത്തുന്നത്.
രണ്ട് ലോക് സഭഎം.പിമാരെ മാത്രം തിരഞ്ഞെടുക്കുന്ന ത്രിപുര പിടിച്ചതിന് 48 ലോക് സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മഹാരാഷ്ട്ര നഷ്ടപ്പെടുത്തേണ്ടി വരുന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും ഇപ്പോള്‍ . .
റിപ്പോര്‍ട്ട്: ടി അരുണ്‍ കുമാര്‍