ബൊഗോട്ട: കൊളംബിയയിലെ 3,100 ഗര്‍ഭിണികള്‍ക്ക് സിക രോഗം ബാധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. കൊളംബിയ പ്രസിഡന്റ് ജ്വാന്‍ മാനുവല്‍ സാന്റോസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കൊതുകിലൂടെയാണ് രോഗം പടരുന്നതെന്നാണ് പ്രാഥമിക നിഗമനം.
ഗര്‍ഭിണികളിലെ സിക രോഗം ഭ്രൂണത്തിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ സാരമായി ബാധിച്ചേക്കുന്ന മൈക്രോസിഫിലി എന്ന അവസ്ഥയ്ക്ക് കാരണമായേക്കാം .ഇതിന്റെ ചികിത്സയ്ക്കായുളള വാക്‌സിന്‍ ലഭ്യമല്ല എന്നതും ആശങ്ക ഉയര്‍ത്തുന്നു . എന്നാല്‍ ഇതുവരെ ജനിച്ച കുഞ്ഞുങ്ങളില്‍ മൈക്രോസിഫിലി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സാന്റോസ് വ്യക്തമാക്കി.
കൊളംബിയയില്‍ മാത്രം സിക വൈറസ് ബാധിച്ച 25,645 പേരുണ്ടെന്നാണ് കണക്ക്. അതില്‍ 3,177 പേരും ഗര്‍ഭിണികളാണ്. ലോകത്താകെ ഇതുവരെ ഏകദേശം 16 ലക്ഷത്തോളം പേര്‍ക്ക് സിക വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. സിക രോഗം പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ‘ ആരോഗ്യ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു.