ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി ; 5പേരുടെ നില ഗുരുതരം

മൈസൂര്‍ : മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. മൈസൂര്‍ ചാമരാജ നഗറിലെ കിച്ചുകുട്ടി ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചവരാണ് മരിച്ചത്.

അവശരായ 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. കൊല്ലഗലിലെയും മൈസൂരുവിലെയും ആശുപത്രികളിലാണ് ഇവര്‍ ചികിത്സയിലുള്ളത്.

നേരത്തേ ക്ഷേത്രം നടത്തിപ്പിനെ ചൊല്ലി ഇവിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് അറിയാന്‍ സാധിച്ചത്. ഇതിനെ തുടര്‍ന്ന് പ്രസാദത്തില്‍ ആരെങ്കിലും വിഷം ചേര്‍ത്തതാണോ എന്ന സംശയവും പോലീസിനുണ്ട്. അതേസമയം സംഭവവുമായി ബന്ധപെട്ടു രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാരമ്മ ക്ഷേത്രത്തില്‍ പുതിയകെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന്റെ ഭാഗമായുള്ള കര്‍മ്മങ്ങള്‍ക്കൊടുവിലാണ് ഭക്തര്‍ക്ക് തക്കാളിച്ചോറും അവലും പ്രസാദമായി നല്‍കിയത്. മുന്‍പന്തിയിലുണ്ടായിരുന്ന എണ്‍പതോളംപേര്‍ പ്രസാദം കഴിച്ചെങ്കിലും പിന്നിലുണ്ടായിരുന്നവര്‍ ദുര്‍ഗന്ധംമൂലം ഉപേക്ഷിച്ചു. പിന്നീട് പ്രസാദം കഴിച്ച് ഭക്തര്‍ക്ക് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട് ഭക്തരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു സ്ത്രീയും കുട്ടിയും വഴിമധ്യേ തന്നെ മരണപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Top