റഖ: സിറിയന്‍ നഗരമായ റഖയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ 32 ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ സാധാരണക്കാരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത സിറിയന്‍ ആസ്ഥാനമായ റഖയില്‍ ശക്തമായ ആക്രമണമാണ് നടന്നത്. നഗരത്തിന്റെ വടക്ക് കിഴക്ക്, തെക്ക് കിഴക്ക് മേഖലകളിലായി 15ലധികം തവണ പോര്‍വിമാനങ്ങള്‍ ബോംബിട്ടു.
അമേരിക്കന്‍ സഖ്യ സേന നടത്തിയ ആക്രണത്തില്‍ നിരവധി തീവ്രവാദികള്‍ക്ക് പരിക്കേറ്റതായും സിറിയന്‍ ഓബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ വിമാനങ്ങളും റഖയില്‍ ആക്രണം നടത്തിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
2014 സെപ്റ്റംബര്‍ മുതല്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേന സിറിയയില്‍ വ്യോമാക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് അനുമതി നല്‍കിയതോടെ ബ്രിട്ടനും വ്യോമാക്രമണത്തില്‍ പങ്ക് ചേര്‍ന്നു. പാരീസ് ആക്രമണത്തിന് പിന്നാലെ ഫ്രാന്‍സ് ഇസ്ലാമിക് സ്റ്റേറ്റിനെതിരായ നടപടി ശക്തമാക്കിയിരിക്കുകയാണ്. ജര്‍മ്മനിയും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.