32 നദികള്‍, പ്രതീക്ഷിക്കുന്ന വരുമാനം 1500 കോടി; നദികളില്‍ നിന്ന് മണല്‍വാരാന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍വാരാന്‍ ഒരുങ്ങി സര്‍ക്കാര്‍ നീക്കം. 32 നദികളില്‍നിന്ന് മണലെടുക്കാനുള്ള ശേഷിയുണ്ടെന്നാണ് കണക്ക്. സാന്‍ഡ് ഓഡിറ്റിങ്ങിലാണ് ഖനന സാധ്യത കണ്ടെത്തിയത്. ഈ വര്‍ഷം തന്നെ മണല്‍ വാരല്‍ പുനഃരാരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

10 വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. എട്ട് ജില്ലകള്‍. 32 നദികള്‍. ഒന്നേമുക്കാല്‍ കോടി മെട്രിക് ടണ്‍ മണല്‍ ഖനനം ചെയ്യാമെന്നാണ് സാന്‍ഡ് ഓഡിറ്റിങ് കണ്ടെത്തല്‍. സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരുമാനം 1500 കോടിയാണ്. ഖനന സാധ്യതാ നദികളുള്ളത് കൊല്ലം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ്. ഭാരതപ്പുഴ, കടലുണ്ടി, ചാലിയാര്‍ നദികളിലും ഖനന സാധ്യത കണ്ടെത്തി. മണല്‍വാരല്‍ പുനരാരംഭിക്കാനുള്ള ജില്ലാതല സമിതികള്‍ ഈയാഴ്ച രൂപീകരിക്കും.

ഇക്കഴിഞ്ഞ ബജറ്റിലും മണല്‍ വാരുന്നതിന് അനുമതി നല്‍കിയിരുന്നു. പുതിയ തീരുമാനത്തോടെ നദികളുടെ സംരക്ഷണത്തിനൊപ്പം സംസ്ഥാനത്ത് മണല്‍ ക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. അപ്പോഴും പരാതികളും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള എതിര്‍പ്പുകളും വിവിധ കോണുകളില്‍ നിന്ന് ഉയരാന്‍ സാധ്യതയേറയാണ്.

Top