മുംബൈ: ഐപിഎല്‍ 2024 താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 333 താരങ്ങള്‍. ഈമാസം പത്തൊന്‍പതിന് ദുബായിലാണ് താരലേലം. 214 ഇന്ത്യന്‍ താരങ്ങളും 119 വിദേശതാരങ്ങളുമാണ് ഈമാസം പത്തൊന്‍പതിന് നടക്കുന്ന ഐപിഎല്‍ താരലേലത്തിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ട്രാവിസ് ഹെഡ്, രച്ചിന്‍ രവീന്ദ്ര, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ താരങ്ങള്‍ക്കായി വമ്പന്‍ ലേലംവിളി പ്രതീക്ഷിക്കാം.
വനിന്ദു ഹസരംഗ, ഫിലിപ് സാള്‍ട്ട്, കോളിന്‍ മണ്‍റോ, ടോം കറണ്‍, ജേസണ്‍ ഹോള്‍ഡര്‍, ടിം സൗത്തി തുടങ്ങിയവര്‍ ഒന്നരക്കോടി രൂപ അടിസ്ഥാന വിലയുളള താരങ്ങളുടെ പട്ടികയിലാണ്. ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള 14 താരങ്ങളും 75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള 11 താരങ്ങളുമുണ്ട്. ലോകകപ്പില്‍ ന്യൂസിലന്‍ഡിനായി മികച്ച പ്രകടനം നടത്തിയ രച്ചിന്‍ രവീന്ദ്രയുടെ അടിസ്ഥാന വില 50 ലക്ഷം രൂപയാണ്. ലേലത്തില്‍ പത്ത് ടീമുകള്‍ക്ക് ആകെ 262.95 കോടി രൂപയാണ് ചെലവഴിക്കാന്‍ കഴിയുക. കൂടുതല്‍ താരങ്ങളെ ആവശ്യമുള്ളത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്. 32.7 കോടി രൂപ ബാക്കിയുള്ള കൊല്‍ക്കത്തയ്ക്ക് 12 ഇന്ത്യന്‍ താരങ്ങളെയും നാല് വിദേശ താരങ്ങളേയുമാണ് ലേലം വഴി ആവശ്യം.
ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ പത്ത് ടീമുകള്‍ക്ക് വേണ്ടത് 30 വിദേശ താരങ്ങള്‍ ഉള്‍പ്പടെ 77 പേരെയാണ്. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പടെ ഇരുപത്തിമൂന്ന് പേര്‍. ഹര്‍ഷല്‍ പട്ടേല്‍, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ഇന്ത്യക്കാര്‍. ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ വിജയശില്‍പിയായി മാറിയ ട്രാവിസ് ഹെഡ്, ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ബാറ്റര്‍ സ്റ്റീവ് സ്മിത്ത്, പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് തുടങ്ങിയവരും രണ്ട് കോടി രൂപയുടെ പട്ടികയിലുണ്ട്.