35ാംമത് ദേശീയ ഗെയിംസിന് തിരി തെളിഞ്ഞു

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് തിരുവനന്തപുരത്ത് കൊടി ഉയര്‍ന്നു. ഗെയിംസിന്റെ ഔപചാരിക ഉദ്ഘാടനം കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു നിര്‍വഹിച്ചു. ഗുഡ് വില്‍ അംബാസഡറായ സച്ചിന്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ അഭിമാനങ്ങളായ കായിക താരങ്ങളും രാഷ്ട്രീയ കലാരംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുടുത്തു.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറില്‍ നിന്ന് ഏറ്റുവാങ്ങിയ ദീപശിഖ മലയാളികളുടെ അഭിമാനമായ പി ടി ഉഷയും അഞ്ജു ബോബിജോര്‍ജും ചേര്‍ന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പടുകൂറ്റന്‍ നിലവിളക്കിലേക്ക് പകര്‍ന്നതോടെയായിരുന്നു ഔപചാരിക തുടക്കം. എം ഡി വത്സമ്മ മുതല്‍ കായിക കേരളത്തിന്റെ കരുത്തരായ 41 ഒളിമ്പ്യന്മാരും അര്‍ജുന അവാര്‍ഡ് ജേതാക്കളും ദീപശിഖയുമായി സ്റ്റേഡിയം വലംവെച്ചു.

ഏഴ് ജില്ലകളിലായി 29 വേദികളിലാണ് മത്സരങ്ങള്‍. 33 ഇനങ്ങളിലായി 414 സ്വര്‍ണമടക്കം 1369 മെഡലുകള്‍ക്കായാണ് കായികതാരങ്ങളുടെ രണ്ടാഴ്ച നീളുന്ന പോരാട്ടം. ഓവറോള്‍ ചാംപ്യന്‍ഷിപ്പ് ലക്ഷ്യമിട്ട് എല്ലാ ഇനങ്ങളിലും മത്സരിക്കുന്ന കേരളം 744 താരങ്ങളെയാണ് കളത്തിലിറക്കുന്നത്. മാവോയിസ്റ്റ് ഭീഷണണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ സന്നാഹങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

44 സ്വര്‍ണമടക്കം 132 മെഡലുകളാണ് ട്രാക്കിലും ഫീല്‍ഡിലുമായി സമ്മാനിക്കപ്പെടുക. 40 സ്വര്‍ണമടക്കം 120 മെഡലുകളുള്ള നീന്തല്‍ മത്സരങ്ങളാണ് ഏറ്റവുമധികം മെഡലുകളുള്ള മത്സര ഇനം. സംസ്ഥാനത്തിനു പുറത്തുള്ള മികച്ച മലയാളി താരങ്ങളും ഇത്തവണ കേരളത്തിനായി മത്സരിക്കാനിറങ്ങും. ബീച്ച് ഹാന്‍ഡ്‌ബോള്‍ ആദ്യമായി മത്സര ഇനമാകുന്നതും ഈ ഗെയിംസിലാണ്. കഴിഞ്ഞ ഗെയിംസില്‍ ഇല്ലാതിരുന്ന ബീച്ച് വോളിബാള്‍, യാട്ടിംഗ് എന്നിവയും ഇത്തവണ മത്സര ഇനങ്ങളാണ്.

മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന ലാലിസം ഇന്‍ഡ്യ സിംഗിംഗ് ഷോയാണ് ഉദ്ഘാടന ചടങ്ങിന്റെ ഹൈലൈറ്റ്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ചെണ്ടമേളവും ആര്‍മിയുടെ ബാന്‍ഡ് ഡിസ്‌പ്ലേയും ഉദ്ഘാടന ചടങ്ങിന് താളം പകര്‍ന്നു.

Top