35 killed in terror attack on night club in central istanbul

അങ്കാറ: തുര്‍ക്കിയില്‍ ഇസ്താംബൂളിലെ നിശാക്ലബില്‍ പുതുവത്സര ആഘോഷത്തിനിടെ അതിക്രമിച്ചുകയറിയഅക്രമിയുടെ വെടിയേറ്റു 39 പേര്‍ കൊല്ലപ്പെട്ടു. 40 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണ്.

പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 1.15ഓടെ ക്ലബില്‍ സാന്റാക്ലോസിന്റെ വേഷത്തില്‍ എത്തിയ അക്രമി നൃത്തം ചെയ്തു കൊണ്ടിരുന്നവര്‍ക്കുനേരെ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. ഭീകരാക്രമണമാണ് നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഒര്‍ട്ടാകോയ് മേഖലയിലെ റീന ക്ലബിലാണു വെടിവയ്പുണ്ടായത്. സംഭവം നടക്കുമ്പോള്‍ അറുനൂറോളം പേര്‍ ക്ലബ്ബിലുണ്ടായിരുന്നു. വെടിവയ്പ്പിനിടെ ചിലര്‍ ക്ലബ്ബിന്റെ പിന്‍ഭാഗത്തുള്ള ചെറിയ വാതിലിലൂടെയും ജനാലയിലൂടെയും ചാടി രക്ഷപ്പെടുകയായിരുന്നു. തീവ്രവാദി സംഘങ്ങളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

അറബി ഭാഷ സംസാരിക്കുന്ന ആളായിരുന്ന അക്രമിയെന്നു ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുര്‍ക്കിഷ് ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.

നേരത്തെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ള നഗരത്തില്‍ 17,000 പൊലീസുകാരെ വിന്യസിച്ചിരുന്നു. അതിനിടെയാണ് വീണ്ടും ആക്രമണം നടന്നത്. ഭീകരാക്രമണങ്ങളില്‍ കൂടുതലും ഇസ്ലാമിക് സ്റ്റേറ്റും കുര്‍ദ് ഭീകരരുമാണ് നടത്തുന്നത്.

Top