ഇന്ത്യയിലെ 35% സൈബര്‍ ആക്രമണങ്ങളും ചൈനയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്‌!!!

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ ഏറ്റവുമധികം ചൈന, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ വിനിമയ മന്ത്രാലയം ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച വിവരങ്ങളുള്ളത്‌. ജര്‍മ്മന്‍, കനേഡിയന്‍ സൈബറിടങ്ങള്‍ ഉപയോഗപ്പെടുത്തി പാകിസ്ഥാനില്‍ നിന്നും ആക്രമണങ്ങള്‍ക്ക് സാധ്യത ഏറെയാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

2018 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നടന്ന ആക്രമണങ്ങളെ അടിസ്ഥാനപ്പെടുത്തി വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള സിഇആര്‍ടിയാണ് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഹാക്കിംഗ്, പിഷിംഗ് പോലുള്ള സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഏജന്‍സിയാണ് സിഇആര്‍ടി. ഇവര്‍ ആക്രമണ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.

35% ആണ് ചൈനയില്‍ നിന്ന് ഇന്ത്യ നേരിടുന്ന സൈബര്‍ ആക്രമണം. അമേരിക്ക 17%, റഷ്യ 15%, പാകിസ്ഥാന്‍ 9%, കാനഡ 7%, ജര്‍മ്മനി 5% തുടങ്ങിയവയാണ് ഇന്ത്യയെ ആക്രമിക്കുന്ന മറ്റ് രാജ്യങ്ങള്‍.

പെട്രോള്‍-പ്രകൃതി വാതക കോര്‍പ്പറേഷന്‍, ദേശീയ വിവരാവകാശ കേന്ദ്രം, ഇന്ത്യന്‍ റെയില്‍വേ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, എസ്ബിഐ, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ വിവര കേന്ദ്രങ്ങള്‍ എന്നിവയിലാണ് പ്രധാനമായും വിദേശ സൈബര്‍ ആക്രമണങ്ങള്‍ കണ്ട് വരുന്നത്.

അപകടകാരികളായ വൈറസുകളോട് കൂടിയ ഇമെയില്‍ സന്ദേശങ്ങള്‍ അയച്ച് സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതാണ് രീതി. വ്യക്തിപരമായ വിവരങ്ങളും ഇത്തരക്കാര്‍ തട്ടിയെടുക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

Top