മൊസൂള്‍ മോചിപ്പിക്കാനുള്ള നീക്കവുമായി സൈന്യം, 35 ഭീകരരെ വധിച്ചു, ആറു പേര്‍ അറസ്റ്റില്‍

ബാഗ്ദാദ്: ഇറാക്കിലെ മൊസൂളില്‍ സൈന്യം 35 ഐഎസ് ഭീകരരെ വധിച്ചു.

മൊസൂളിനെ ഐഎസ് നിയന്ത്രണത്തില്‍ മോചിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് സൈന്യം ഭീകരരെ വധിച്ചത്. ഇതിനു പുറമേ ആറ് ഭീകരരെ സൈനികര്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സൈനികവൃത്തങ്ങള്‍ തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇതോടെ മൊസൂള്‍ ഭീകരരില്‍ നിന്ന് പൂര്‍ണമായും മോചിപ്പിക്കാന്‍ ഇനി മണിക്കൂറുകള്‍ കൂടി മാത്രം മതിയെന്ന് ജോയന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് ബ്രിഗേഡിയര്‍ ജനറല്‍ യാഹ്യ റസൂല്‍ അറിയിച്ചു.

”മൊസൂളിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. നഗരത്തിലെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വിരലിലെണ്ണാവുന്ന ഭീകരര്‍ മാത്രമാണ് ഉള്ളത്. ഇവരെ തുരത്താനുള്ള നടപടികളിലാണ് സൈന്യം.” ബ്രിഗേഡിയര്‍ ജനറല്‍ അറിയിച്ചു.

ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ ദുരെ സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് മൊസൂള്‍. 2014ലാണ് ഐഎസ് ഭീകരര്‍ മൊസൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.

Top