35th Death Anniversary of Malayalam Film Actor Jayan

മലയാള സിനിമ എക്കാലവും നെഞ്ചേറ്റിയ താരം ജയന്‍ വിടപറഞ്ഞിട്ട് ഇന്ന് 35 വര്‍ഷം. പി.എന്‍ സുന്ദരന്‍ സംവിധാനം ചെയ്ത കോളിളക്കം എന്ന ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തിനിടെയായിരുന്നു ജയന്റെ മരണം. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയന്‍.

1939ല്‍ കൊല്ലം തേവള്ളിയില്‍ കൊട്ടാരം വീട്ടില്‍ മാധവന്‍ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായാണ് ജയന്റെ ജനനം. ഇന്ത്യന്‍ നാവിക സേനയില്‍ നാവികനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച ജയന്‍ പതിനാറു വര്‍ഷത്തെ നാവികജീവിതത്തിനു ശേഷം വിരമിച്ചു. നാവികനായിരിക്കെ തന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കാന്‍ താല്പര്യം കാണിച്ചിരുന്ന ജയന്‍ പിന്നീട് സ്റ്റണ്ട് ആര്‍ട്ടിസ്റ്റായാണ് ആദ്യമായി സിനിമാരംഗത്തേക്ക് വന്നത്. പിന്നീട് 1970കളിലെ മലയാള യുവത്വത്തിന്റെ ഹരമായി മാറിയ ജയന്‍ മലയാളസിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ പദവി അലങ്കരിച്ചു.

1974 ല്‍ ജേസി സംവിധാനം ചെയ്ത ശാപമോക്ഷം എന്ന സിനിമയുടെ സെറ്റില്‍വച്ച് നടന്‍ ജോസ്പ്രകാശാണ് കൃഷ്ണന്‍ നായരെ ജയനാക്കിയത്. 1976 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചമിയില്‍ അതിക്രൂരനായ ഫോറസ്റ്റ് ഓഫീസറായി തിളങ്ങിയതോടെയാണ് ജയന്‍ ശ്രദ്ധേയനായി. തുടര്‍ന്ന് വില്ലന്‍ വേഷങ്ങളുടെ നീണ്ടനിരയാണ് ജയനെ തേടിയെത്തിയത്. മലയാള സിനിമയുടെ ചരിത്രത്തില്‍ വില്ലനായി വന്ന് നായകസിംഹാസനം കൈപ്പിടിയിലൊതുക്കിയ ആദ്യത്തെ നായകനും ജയനാണ്.

പിന്നീട് മലയാള സിനിമാ ചരിത്രത്തില്‍ തങ്കലിപികളില്‍ ആ കൊല്ലംകാരന്റെ പേര് എഴുതിച്ചേര്‍ക്കപ്പെട്ടു. 1974-80 വര്‍ഷങ്ങളില്‍ മലയാളത്തില്‍ ഏറ്റവും താരമൂല്യമുളള നടനായിരുന്നു ജയന്‍. ആറ് വര്‍ഷങ്ങള്‍കൊണ്ട് ഒരു തമിഴ് ചിത്രമുള്‍പ്പെടെ 116 ചിത്രങ്ങളില്‍ ജയന്‍ വേഷമിട്ടു. ശാപമോക്ഷം മുതല്‍ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും ആയിരുന്നു.

അങ്ങാടി, കരിമ്പന, മൂര്‍ഖന്‍, തടവറ, ലൗ ഇന്‍ സിംഗപ്പൂര്‍, ഇരുമ്പഴികള്‍, മനുഷ്യമൃഗം, ആവേശം തുടങ്ങി ബോക്‌സ് ഓഫീസ് ഹിറ്റായ ചിത്രങ്ങള്‍ നിരവധിയാണ്. ജയന്റെ താരപ്രഭകൊണ്ട് അക്കാലത്തെ പല താരങ്ങളും നിഷ്പ്രഭരായ കാലം. അഭിനയ കലയോടുളള ആത്മാര്‍ഥതകൊണ്ട് ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായിരുന്നില്ല. അതിനുവേണ്ടി ജീവന്‍തന്നെ നല്‍കേണ്ടിവന്നു.

അഭ്രപാളികളില്‍ സാഹസികതകൊണ്ട് ആരാധകരെ കോരിത്തരിപ്പിച്ച ജയന്‍ അതുപോലൊരു സാഹസിക ചിത്രീകരണ വേളയില്‍ അപകടത്തില്‍പെട്ട് മരണമടയുകയായിരുന്നു. തെന്നിന്ത്യയിലെ ഏറ്റവും വലിയ സംവിധായകന്‍ പി എന്‍ സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണവേളയില്‍ ഉയര്‍ന്നുപൊങ്ങിയ ഹെലികോപ്റ്ററില്‍ പിടിച്ചുതൂങ്ങി സാഹസിക സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടയില്‍ 1980 നവംബര്‍ 16ന് മദ്രാസിലെ ഷോളാവാരം എയര്‍പോര്‍ട്ടില്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് റണ്‍വേയില്‍ ഇടിച്ചാണ് അദ്ദേഹം മരണപ്പെട്ടത്.

കാലം മാറി, സിനിമയുടെ കഥയും മാറി. എന്നിട്ടും മലയാള പൗരുഷത്തിന്റെ ഓര്‍മ്മകള്‍ക്ക് മാത്രം മരണമില്ല. പതിറ്റാണ്ടുകള്‍ക്കിപ്പുറവും മലയാളികളുടെ മനസ്സില്‍ താരബിംബമാണ് ജയന്‍.

Top