ജമ്മു കശ്മീരില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു

ശ്രീനഗര്‍: കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു. ദോഡ ജില്ലയിലാണ് സംഭവം. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്കു പോകുകയായിരുന്ന ബസ്, ബത്തോട്ട് – കിഷ്ത്വാര്‍ ദേശീയപാതയില്‍ അസര്‍ പ്രദേശത്തുവച്ച് 300 അടി താഴ്ചയുള്ള ചരിവിലേക്കുമറിയുകയായിരുന്നു. പരിക്കേറ്റവരെ കിഷ്ത്വാറിലേയും ദോഡയിലേയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലേക്ക് മാറ്റാന്‍ ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. പരിക്കേറ്റവരെ കിഷ്ത്‌വര്‍ ജില്ലാ ആശുപത്രിയിലും ദോഡ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

‘ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അപകടം വേദനാജനകമാണ്. ഉറ്റവര്‍ നഷ്ടമായ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ’- പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും അപകടത്തില്‍ അനുശോചിച്ചു.

Top