കൊളംബോ: ശ്രീലങ്കയില്‍ കൂടുതല്‍ പേര് ഐ.എസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. രാജ്യത്തു നിന്നുള്ളവര്‍ കുടുംബ സമേതം സിറിയയിലേക്ക് പോയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇവര്‍ തീര്ത്ഥാടനാവശ്യത്തിനായാണ് സിറിയയിലേക്ക് പോയതെന്നാണ് ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ഇവര്‍ ഭീകര സംഘടനയില്‍ അംഗങ്ങളാകാന്‍ പോയതാകാമെന്ന നിഗമനത്തിലാണ് ലങ്കന്‍ പ്രതിരോധ വകുപ്പ്. ശ്രീലങ്കയില്‍ നിന്ന് ആദ്യമായി ഐ.എസില്‍ ചേര്‍ന്നെന്ന് കരുതപ്പെടുന്ന അബു ഷുരായ്ഹ് ജൂലൈയില്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ മരണത്തെക്കുറിച്ചും ഐ.എസില്‍ ചേര്‍ന്നതിനെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്താന്‍ ലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ ഉത്തരവിട്ടിരുന്നു.