പേറ്റന്റ് കേസ്; ആപ്പിളിന്റെ ഡിസൈന്‍ മോഷ്ടിച്ച സാംസങിന് 3,639 കോടി പിഴ

apple

കാലിഫോര്‍ണിയ: അമേരിക്കന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ആപ്പിളിന്റെ ഐഫോണുകളിലെ സാങ്കേതിക വിദ്യകള്‍ കോപ്പിയടിച്ച സാംസങിന് 3639 കോടി രൂപ പിഴ. 2012ല്‍ നല്‍കിയ കേസിലാണ് വിധി. 1 ബില്യണ്‍ ഡോളറായിരുന്നു ആപ്പിള്‍ ചോദിച്ചിരുന്നത്. ഐഫോണുകളുടെ വളഞ്ഞ അരികുകള്‍, സ്‌ക്രീനിനു മുന്നിലുള്ള റിം, ഐക്കണുകളുടെ ഗ്രിഡ്, രണ്ട് യൂട്ടിലിറ്റി പേറ്റന്റുകള്‍ എന്നിവ കോപ്പിയടിച്ചതിനാണ് സാംസങിനു പിഴയിട്ടിരിക്കുന്നത്. സാന്‍ജോസിലെ നോര്‍ത്തണ്‍ കാലിഫോര്‍ണിയ യുഎസ് ഡിസ്ട്രിക്ട് കോടതിയാണ് വിധി പ്രസ്താവിച്ചത്.

2012ല്‍ കീഴ്‌ക്കോടതി 6825 കോടി രൂപ ആപ്പിളിന് നഷ്ടപരിഹാരം വിധിച്ചിരുന്നു. നീണ്ട വാദത്തിനൊടുവില്‍ 2015ല്‍ 2730 കോടി രൂപയായി നഷ്ടപരിഹാര തുക കുറച്ചിരുന്നു. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വില്‍പ്പന കുതിച്ചതോടെ കൂടുതല്‍ നഷ്ടപരിഹാര തുക ആവശ്യപ്പെട്ടു ആപ്പിള്‍ വീണ്ടും കോടതി കയറുകയായിരുന്നു.

ഈ വിധി ചരിത്ര പ്രധാനമായിരിക്കാമെന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്. മുന്നോട്ടുള്ള കാലത്ത് ഒരു കമ്പനി പാടുപെട്ടു വരുത്തുന്ന മാറ്റങ്ങള്‍ അതേപടി എടുത്തുവെച്ചു സാമര്‍ഥ്യം കാണിക്കുന്ന കമ്പനികള്‍ക്ക് ഇത് തിരിച്ചടിയായേക്കാം.

Top