ജപ്പാനിൽ കൂട്ടിയിടിച്ച് തീപിടിച്ച വിമാനത്തിൽ നിന്ന് 367 പേരെ പുറത്തെത്തിച്ചത് 18 മിനിറ്റിനുള്ളിൽ

ടോക്കിയോ : ചൊവ്വാഴ്ച റൺവേയിൽ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച ജാപ്പനീസ് എയർലൈന്‍സിന്റെ (ജെഎഎൽ) യാത്രാ വിമാനത്തിൽനിന്ന് 367 പേരെയും രക്ഷപ്പെടുത്തിയത് വെറും 18 മിനിറ്റിനുള്ളിൽ. ദൃക്സാക്ഷികളുടെ വിവരണങ്ങൾക്ക് അനുസരിച്ച് സംഭവങ്ങൾ പുനരാവിഷ്കരിച്ചിരുന്നു. വിമാനത്തിലെ ജീവനക്കാർ കൃത്യമായി ചട്ടം അനുസരിച്ച് പരിഭ്രാന്തരാകാതെ പെരുമാറിയെന്നും ജപ്പാൻ എയർലൈൻസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.

തീനാളം കണ്ട് പരിഭ്രാന്തരായ യാത്രക്കാരോട് പേടിവേണ്ടെന്നും സമചിത്തരായിരിക്കാനും അവർ ആവശ്യപ്പെട്ടു. പുറത്തെ സ്ഥിതിഗതികൾ കണ്ടുമനസ്സിലാക്കി എട്ട് എണ്ണത്തിൽ ഏതൊക്കെ എമർജൻസി എക്സിറ്റുകൾ എടുത്താൽ പുറത്തിറങ്ങാമെന്ന് പെട്ടെന്നുതന്നെ മനസ്സിലാക്കി. പരിശീലനം ലഭിച്ചതുപോലെ ഹ്രസ്വമായ നേരിട്ടുള്ള മുന്നറിയിപ്പുകൾനൽകി (ലഗേജ് ഉപേക്ഷിക്കുക, ഈ വാതിൽ വഴിയല്ല തുടങ്ങിയവ) ആളുകളെ പുറത്തിറക്കി.

എമർജൻസി പ്രോട്ടോക്കോൾ പ്രകാരം കോക്പിറ്റിൽനിന്ന് പൈലറ്റിന്റെ അനുമതിയുണ്ടെങ്കിലേ വിമാനവാതിൽ ജീവനക്കാർ തുറക്കാവൂ. വിമാനത്തിന്റെ ക്യാപ്റ്റൻ മുൻവശത്തെ രണ്ട് വാതിലുകൾക്കുമടുത്തുതന്നെനിന്ന് രക്ഷപ്രവർത്തനത്തിനു നേതൃത്വം കൊടുത്തു. അതിനിടെ ഇന്റർകോം സംവിധാനങ്ങൾ തകരാറിലായതിനാൽ മൂന്നാമത്തെ വാതിൽ തുറക്കാനുള്ള നിർദേശം എത്തിയില്ല. എന്നാൽ ജീവനക്കാർ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്ത് വാതിൽ തുറന്നു. ഇവാക്വേഷൻ ചൂട്ട്സ് വഴിയാണ് യാത്രക്കാരെല്ലാവരും പുറത്തിറങ്ങിയത്.

ഇത്തരം ഇവാക്വേഷൻ നടപടികളിൽ എല്ലാ ക്യാബിൻ ജീവനക്കാർക്കും വർഷത്തിലൊന്ന് പരിശീലനം ലഭിക്കാറുണ്ട്. കോക്പിറ്റുമായുള്ള സാങ്കേതിബന്ധത്തിൽ തകരാർ വന്നാൽ എന്തുചെയ്യണമെന്ന് ഈ പരിശീലനത്തിൽനിന്ന് അവർക്ക് അറിയാനാകും. പ്രാദേശിക സമയം 6.05ന് വിമാനത്തിൽനിന്ന് എല്ലാവരും പുറത്തിറങ്ങി. അതായത് വിമാനം ലാൻഡ് ചെയ്ത് 18 മിനിറ്റ് മാത്രമേ എല്ലാവരും പുറത്തിറങ്ങാനെടുത്തുള്ളൂ.

ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലെ റൺവേയിൽവച്ച് ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനവും ജപ്പാന്‍ കോസ്റ്റ് ഗാർഡിന്റെ വിമാനവും കൂട്ടിയിടിച്ചു തീപിടിക്കുകയായിരുന്നു. ഹനേഡ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം, കോസ്റ്റ് ഗാർഡിന്റെ വിമാനത്തിലുണ്ടായിരുന്ന 5 പേർ മരിച്ചു.

റണ്‍വേയില്‍ വച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. ഹൊക്കൈയ്‌ഡോ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ജെഎഎല്‍–516 വിമാനത്തില്‍ 367 യാത്രക്കാരുണ്ടായിരുന്നു. സമീപനഗരമായ സാപ്പോറോയിലെ ഷിൻ ചിറ്റോസ് വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന എയർബസ് എ–350 വിമാനമാണ് ജപ്പാൻ എയർലൈൻസിന്റേത്. ഭൂചലനമുണ്ടായ മേഖലകളിലേക്ക് സഹായമെത്തിക്കാന്‍ പോയ കോസ്റ്റ് ഗാര്‍ഡ് വിമാനമായ എംഎ–722 ബൊംബാർഡിയർ ഡാഷ് –8 വിമാനമാണ് അപകടത്തില്‍പെട്ടത്.

Top