കൊച്ചി: 130 കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മലയാള നടിയില്‍ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊല്‍ക്കത്ത സ്വദേശി പിടിയില്‍. കേസില്‍ കൊല്‍ക്കത്ത സ്വദേശിയായ യാസര്‍ ഇക്ബാലി(51)നെയാണ് കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പൊലീസ് പിടികൂടിയത്. സംഘത്തിലെ മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
130 കോടി വായ്പയായി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികള്‍ നടിയുടമായി സൗഹൃദത്തിലായത്. തുടര്‍ന്ന് 37 ലക്ഷം രൂപ നടിയില്‍ നിന്ന് സംഘം കൈക്കലാക്കി. കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ വെച്ചായിരുന്നു പണമിടപാട്. ലക്ഷങ്ങള്‍ കൈമാറിയിട്ടും വായ്പ ലഭ്യമാകാതെ വന്നതോടെയാണ് നടി പൊലീസിനെ സമീപിച്ചത്.
പാലാരിവട്ടം പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കൊല്‍ക്കത്തയിലാണെന്ന് പൊലീസിന് സൂചന ലഭിച്ചു. തുടര്‍ന്ന് അന്വേഷണ സംഘം കൊല്‍ക്കത്തയിലേക്ക് തിരിക്കുകയായിരുന്നു. ടാഗ്രാ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഫ്ളാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.