റിയാദ്: 39-ാമത് ജിസിസി ഉച്ചകോടിക്ക് സൗദി തലസ്ഥാന നഗരിയായ റിയാദില്‍ തുടക്കമായി. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വിവിധയിടങ്ങളില്‍ നിന്നുള്ളവരെ വിമാനത്താവളത്തിലെത്തിയാണ് സൗദി രാജാവ് സ്വീകരിച്ചത്.
അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം, രാജ്യപുരോഗതി, സുരക്ഷിതത്വം, എന്നിവ ലക്ഷ്യമാക്കിയാണ് ജിസിസി കൗണ്‍സില്‍ നിലകൊള്ളുന്നതെന്ന് സല്‍മാന്‍ രാജാവ് വ്യക്തമാക്കി.
അതേസമയം ജിസിസി ഉച്ചകോടി പരാജയമാകുമെന്നും ഗള്‍ഫ് പ്രതിസന്ധിയും ഉപരോധവും ചര്‍ച്ച ചെയ്യാത്ത ഉച്ചകോടികൊണ്ട് പ്രയോജനം ഉണ്ടാവില്ലെന്നും ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍.ഡോ അലി ബിന്‍ സിമൈഖ് അല്‍ മര്‍രി പറഞ്ഞിരുന്നു.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ മനുഷ്യാവകാശ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതുമായ് ബന്ധപ്പെട്ട് ജിസിസി രാജ്യങ്ങളിലെ സിവില്‍ സൊസൈറ്റി സംഘടനകള്‍ നിര്‍ബന്ധമായും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒന്നര വര്‍ഷത്തോളമായി ഖത്തറിനെതിരെ തുടരുന്ന അന്യായമായ ഉപരോധം ജി.സി സി രാജ്യങ്ങളിലെ തര്‍ക്കസംഘര്‍ഷ പരിഹാര സംവിധാനവും മനുഷ്യാവകാശങ്ങളും പരിമിതമാെന്ന് തെളിയിക്കുന്നു. അന്യായമായ ഉപരോധവും ഉപരോധരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ആയിരക്കണക്കിനാളുകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളും ചര്‍ച്ച ചെയ്യാത്ത ജി സി സി ഉച്ചകോടി തീരുമാനങ്ങള്‍ കൊണ്ട് ഫലമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തറിനെതിരായ അന്യായമായ ഉപരോധം ഗള്‍ഫ് സാമൂഹിക തലത്തില്‍ വളരെ പ്രതികൂലമായ സാഹചര്യങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധി നീണ്ടുപോകുന്ന കാലത്തോളം ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും.പ്രത്യേകിച്ച് ഗള്‍ഫ് ജനതക്കുമിടയിലുള്ള വിടവും ഭിന്നതയും വര്‍ധിച്ചുവരും.
ഗള്‍ഫ് ജനതയുടെ ഐക്യം മുന്‍നിര്‍ത്തിയും അടിസ്ഥാനമാക്കിയുമാണ് ജി സി സി രൂപം കൊണ്ടിരിക്കുന്നത്. ഗള്‍ഫ് ജനതയുടെ ഐക്യത്തിലൂടെ മാത്രമേ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഐക്യം പൂര്‍ണമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.