ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി. ഇനി നാലു പേരെയാണ് കണ്ടെത്താനുള്ളത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ജില്ലയില്‍ മാത്രം ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 11 ആയി. കാവലിയില്‍ നിന്ന് അഞ്ചുമൃതദേഹം കണ്ടെത്തി.
സോണിയ, റോഷ്‌നി, സരസമ്മ മോഹന്‍, അലന്‍ എന്നിവരുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. പട്ടിമറ്റത്തുനിന്നും രാജമ്മ, വെട്ടിക്കാനത്തുനിന്നും ഷാലറ്റ് എന്നിവരും മരിച്ചു.
അതിനിടെ, സംസ്ഥാനത്തു മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.