തമിഴ്നാട്ടില്‍ നിന്ന് 25 കോടിയിലധികം രൂപ നേടുന്ന മൂന്നാമത്തെ ചിത്രം; മഞ്ഞുമ്മല്‍ ബോയ്‌സിന് ആവേശ കുതിപ്പ്

ളരെ വലിയ സ്വീകാര്യതയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സിന് തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ദിനത്തില്‍ വളരെ കുറവ് സ്‌ക്രീനുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ച സിനിമ ഇപ്പോള്‍ 25 കോടിയിലധികം രൂപയാണ് തമിഴ്നാട്ടില്‍ നിന്ന് മാത്രം കളക്ട് ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാളം സിനിമ തമിഴ്നാട്ടില്‍ 25 കോടി ക്ലബില്‍ ഇടം പിടിക്കുന്നത്.

ഈ നേട്ടത്തോടെ 2024ല്‍ തമിഴ്നാട്ടില്‍ നിന്ന് 25 കോടിയിലധികം രൂപ നേടുന്ന മൂന്നാമത്തെ ചിത്രമായും മഞ്ഞുമ്മല്‍ ബോയ്‌സ് മാറി. ശിവകാര്‍ത്തികേയന്‍ നായകനായ അയലാന്‍, ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലര്‍ എന്നീ സിനിമകളാണ് ഈ വര്‍ഷം 25 കോടിയിലധികം രൂപ തമിഴ്നാട്ടില്‍ നിന്ന് നേടിയത്. രജനികാന്ത് കാമിയോ വേഷത്തിലെത്തിയ ലാല്‍സലാം എന്ന ചിത്രത്തിന് പോലും ഈ നേട്ടം കൈവരിക്കാന്‍ സാധ്യമായിരുന്നില്ല.

കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്‌സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തമിഴില്‍ തുണയ്ക്കുന്നുണ്ട്. അന്താരാഷ്ട്ര മേന്മയുള്ള ഒരു സര്‍വൈവല്‍ ത്രില്ലറാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ്. ഒപ്പം സൗഹൃദത്തിന്റെ ആഴവും സിനിമ സംസാരിക്കുന്നു. ‘ഗുണ’ ചിത്രീകരിക്കുമ്പോള്‍ ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്നാണ് സിനിമ കണ്ട ശേഷം സംവിധായകന്‍ സന്താനഭാരതി പറഞ്ഞത്. ചിത്രത്തില്‍ കമല്‍ഹാസനും ഗുണ സിനിമയിലെ ഗാനം ‘കണ്മണി അന്‍പോടി’നും നല്‍കിയിരിക്കുന്ന ട്രിബ്യുട്ട് തമിഴ് സിനിമ പ്രേമികളെ സ്വാധീനിച്ചിട്ടുണ്ട്.

Top