മൂന്നാം ഏകദിനാം; സഞ്ജു സാംസണ് അവസരം കിട്ടാൻ സാധ്യത കുറവ്

ട്രിനാഡാഡ്: ഏകദിന ടീമിൽ സഞ്ജു സാംസണ് അവസരം കിട്ടാനുള്ള സാധ്യത കുറയുന്നു. ഫോമിലല്ലെങ്കിലും സൂര്യകുമാർ യാദവിന് കൂടുതൽ അവസരം നൽകാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനം.

ഏകദിന ലോകകപ്പിന് മുൻപ് കെട്ടുറപ്പുള്ള സംഘമായി മാറാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ഇതിന്റെ ഭാഗമായാണ് വിൻഡീസിനെതിരായ രണ്ടാം മത്സരത്തിൽ രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കും വിശ്രമം നൽകി സഞ്ജു സാംസണും അക്‌സർ പട്ടേലിനും അവസരം നൽകിയത്. എന്നാൽ ഇരുവർക്കും പ്രതീക്ഷിച്ച മികവിലേക്ക് എത്താനായില്ല. ഇഷാൻ കിഷൻ അർധസെഞ്ചുറി നേടിയ കളിയിൽ സഞ്ജു നേടിയത് ഒൻപത് റൺസ് മാത്രം. വിരാട് കോലിയും രോഹിത് ശര്‍മ്മയും തിരികെ എത്തുന്നതോടെ മൂന്നാം ഏകദിനത്തിൽ സഞ്ജുവിന് വീണ്ടും പുറത്തിരിക്കേണ്ടിവരും. ഇല്ലെങ്കിൽ റൺകണ്ടെത്താൻ പാടുപെടുന്ന സൂര്യകുമാർ യാദവിന് പകരം പരിഗണിക്കണം. ഇതിന് സാധ്യതയില്ലെന്നും ടീമിന്റെ പൂർണ പിന്തുണ സൂര്യയ്ക്കാണെന്നും കോച്ച് രാഹുൽ ദ്രാവിഡ് സംശയത്തിനിടയില്ലാതെ വ്യക്തമാക്കുന്നു.

രണ്ടാം ഏകദിനത്തിൽ നിറംമങ്ങിയെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ കിട്ടിയ അവസരങ്ങളിലെല്ലാം മികവ് തെളിച്ച താരമാണ് സഞ്‍ജു സാംസൺ. അവസാന ഏഴ് ഇന്നിംഗ്‌സിൽ മൂന്നിലും നോട്ടൗട്ടായിരുന്നു താരം. 12 കളിയിൽ രണ്ട് അർധസെഞ്ചുറിയോടെ സഞ്ജു ആകെ നേടിയത് 339 റൺസ്. 66 റൺസാണ് ബാറ്റിംഗ് ശരാശരി. ഉയർന്ന സ്കോർ പുറത്താവാതെ നേടിയ 86 റൺസും. ട്വന്റി 20യിൽ തകർത്തടിക്കുന്ന സൂര്യകുമാർ 25 ഏകദിനത്തിൽ ആകെ നേടിയത് 476 റൺസ്. അവസാന 16 ഇന്നിംഗ്‌സിൽ നേടിയത് 209 റൺസ് മാത്രവും.

ഇന്ത്യ- വിൻഡീസ് ഏകദിന പരമ്പരയിലെ നിർണായക മൂന്നാം മത്സരം നാളെ നടക്കും. ട്രിനാഡാഡിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. പരമ്പര 1-1ന് സമനിലയിലാണ് നിലവില്‍. ആദ്യ മത്സരത്തിൽ ടീം ഇന്ത്യയും രണ്ടാം മത്സരത്തിൽ വിൻഡീസും ജയിച്ചു. നാളെ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.

Top