അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 മത്സരം ഇന്ന്

ഫ്ഗാനിസ്താനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയ ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം ആശ്വാസ ജയം തേടിയാണ് അഫ്ഗാന്‍ ഇറങ്ങുക.

ആദ്യ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നും ഓപ്പണറായി തുടരും. കൂടെ യശസ്വി ജെയ്സ്വാളും. മൂന്നാമനായി വിരാട് കോലിയുണ്ടാകും. ടി20-യിലേക്ക് 14 മാസങ്ങള്‍ക്ക് ശേഷമുള്ള മടങ്ങിവരവായിരുന്നു കഴിഞ്ഞ മത്സരത്തില്‍ കോലിയുടേത്. 16 പന്തില്‍ 29 റണ്‍സായിരുന്നു രണ്ടാം ടി20-യിലെ കോലിയുടെ സമ്പാദ്യം. അതേസമയം ടി20 മത്സരങ്ങളില്‍ 12,000 റണ്‍സെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് കോലിയെ ആറ് റണ്‍സകലെ കാത്തിരിക്കുകയാണ്. റണ്‍വേട്ടയില്‍ ലോകത്ത് നാലാമനാവാനും കോലിക്ക് കഴിയും.

ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന് ജയിച്ചാണ് ടീം ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയത്. യശസ്വി ജെയ്‌സ്വാള്‍ (34 പന്തില്‍ 68), ശിവം ദുബെ (32 പന്തില്‍ 63) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അതേസമയം മലയാളി താരം സഞ്ജു സാംസണിനെ ടീമിലുള്‍പ്പെടുത്തിയിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം കളിച്ച ജിതേഷ് ശര്‍മ രണ്ടാം ടി20യില്‍ നിരാശപ്പെടുത്തിയിരുന്നു.

Top