ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷാ സംരക്ഷകര്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ബജറംഗ്ദള്‍ നേതാവ് യോഗേഷ് രാജും മറ്റൊരാളുമാണ് കേസിലെ മുഖ്യപ്രതികളെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ ഇരുവരും ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ബുലന്ദ്ഷഹറില്‍ 25 പശുക്കളുടെ ശവം കണ്ടെത്തിയതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് ആക്രമണത്തിലേക്ക് എത്തിയത്. അതേസമയം മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിംഗിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇടത് കണ്ണിന് മുകളില്‍ വെടിയേറ്റാണ് പൊലീസുകാരന്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കല്ലേറില്‍ മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതോടെ സുബോധ് കുമാറിന് നേരെ നടന്ന ബോധപൂര്‍വമായ ആക്രമണമാണ് ബുലന്ദ്ഷഹറില്‍ നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്.
അഖ്‌ലാഖ് വധക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സുബോധ് കുമാറിന്റെ മരണത്തില്‍ ദുരൂഹത നിലില്‍ക്കുന്നുണ്ട്. അഖ്‌ലാഖ് വധക്കേസുമായി ബന്ധപ്പെട്ടാണ് തന്റെ സഹോദരന്റ മരണമെന്നും ഇത് അന്വേഷിക്കണമെന്നുമുള്ള ആവശ്യവുമായി അദ്ദേഹത്തിന്റെ സഹോദരി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. സുബോധ് കുമാര്‍ സിംഗ് 2015 സെപ്റ്റംബര്‍ 28 മുതല്‍ നവംബര്‍ ഒമ്പതുവരെ കേസ് അന്വേഷിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ കുറ്റപത്രം നല്‍കുമ്പോള്‍ സുബോധ് അന്വേഷണ ചുമതല കൈമാറിയിരുന്നു. ഇക്കാര്യം യുപി ക്രമസമാധന ചുമതലയുള്ള എഡിജിപി ആനന്ദ് കുമാര്‍ സ്ഥിരീകരിച്ചു.
2015 സെപ്റ്റംബര്‍ 28നാണ് യുപിയിലെ ദാദ്രിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മുഹമ്മദ് അഖ്‌ലാക് (52) കൊല്ലപ്പെടുന്നത്. പശുവിനെ കൊന്ന് ഇറച്ചി സൂക്ഷിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. 19 പേരായിരുന്നു കേസിലെ ആരോപിതര്‍. എങ്കിലും 15 പേരെ പ്രതിചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ മൂന്നു പേര്‍ മാത്രമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. അഖ്‌ലാക്കിന്റെ കൊലപാതകത്തോടെയാണ് ഇന്ത്യയില്‍ ഗോരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധമുയരുന്നത്.
ഇതിനിടെ സുബോധ്കുമാറിന്റെ കുടുംബത്തിന് യുപി സര്‍ക്കാര്‍ 40 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപ സുബോധിന്റെ മാതാപിതാക്കള്‍ക്കും ലഭിക്കും. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.