സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് അതിര്‍ത്തി സുരക്ഷാ സേന അംഗങ്ങള്‍ കൊല്ലപ്പെട്ടു. വെടിവെച്ചയാളും മരിച്ചു. പഞ്ചാബ് അമൃത്സറില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. സഹപ്രവര്‍ത്തകര്‍ക്കുനേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സട്ടേപ്പ എസ് കെ എന്ന ബിഎസ്എഫ് സൈനികനാണ് വെടിയുതിര്‍ത്തത്. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അട്ടാരി-വാഗ അതിര്‍ത്തിക്ക് 20 കിലോമീറ്റര്‍ അകലെയളള ഖാസ ഏരിയയിലെ സൈനികരുടെ ഭക്ഷണശാലയിലാണ് സംഭവം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

അമൃത്സര്‍ റൂറല്‍ പൊലീസ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്പി) ദീപക് ഹിലോരിയും വെടിവെച്ച ജവാനും ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, ബിഎസ്എഫ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ല. വെടിയുതിര്‍ത്ത ജവാന്‍ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി സൂചനയുണ്ട്. ബറ്റാലിയനിലെ കമാന്‍ഡന്റായ സതീഷ് മിശ്രയുടെ വാഹനത്തിന് നേരെയും ഇയാള്‍ വെടിയുതിര്‍ത്തതായി സൂചനയുണ്ട്.

 

Top