ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഒരാള്‍ കൂടി ഉത്തരാഖണ്ഡില്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ നിന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഡല്‍ഹിയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഐ.എസ് ബന്ധമുള്ള നാലുപേരെ റൂര്‍ക്കിയില്‍ നടത്തിയ തെരച്ചിലില്‍ അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അഞ്ചാമനെ കുറിച്ചുളള വിവരം സ്‌പെഷ്യല്‍ സെല്ലിന് ലഭിച്ചത്. ആദ്യം പിടികൂടിയ സംഘത്തിലെ രണ്ടുപേരെ റൂര്‍ക്കിയില്‍ എത്തിച്ച് തെളിവെടുത്തിരുന്നു.
രാജ്യത്ത് പലയിടങ്ങളിലായി 14 പേരെ ഐ.എസ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. നാലുപേരെ ഹൈദരാബാദിലും മറ്റുള്ളവരെ രാജസ്ഥാനിലും കര്‍ണാടകയിലും നിന്നുമാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് പലയിടത്തായി സമാന്തര സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്ത ശൃംഖലയാണ് അറസ്റ്റിലായതെന്ന് എന്‍.ഐ.എ അറിയിച്ചു.