ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ കലാപപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ നാലംഗ സമിതിയെ നിയോഗിച്ചു. ബിജെപി നേതാവ് ഒ.എം മാത്തൂര്‍, ഷഹ്നവാസ് ഹുസൈന്‍, രൂപ ഗാംഗുലി, ബി.ഡി മാത്തൂര്‍ എന്നിവരടങ്ങുന്നതാണ് സമിതി.
മാര്‍ച്ച് 25 ന് റാണിഗഞ്ചില്‍ ബിജെപിയുടെ രാമനവമി ആഘോഷത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രയ്ക്കിടെയാണ് ആക്രമണങ്ങള്‍ നടന്നത്. രണ്ട് ദിവസമായി നടന്ന കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ പങ്കെടുക്കാനിരുന്ന രാമനവമി ആഘോഷത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രയിലായിരുന്നു അക്രമണം. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബാബുല്‍ സുപ്രിയോയ്ക്ക് പൊലീസ് നഗരത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രശ്‌ന ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സുപ്രിയോയെ പൊലീസുകാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹം ഐപിഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുയും ചെയ്തു.
സംഭവത്തില്‍ കേന്ദ്രം മമത സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്നായിരുന്നു മമത ബാനര്‍ജി സംഭവത്തോട് പ്രതികരിച്ചത്.