നീറ്റ് യുജി പരീക്ഷയില്‍ ആള്‍മാറാട്ടം ന്യൂഡല്‍ഹി എയിംസിലെ വിദ്യാര്‍ഥിയടക്കം 4 പേര്‍ അറസ്റ്റില്‍

നീറ്റ് യുജി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഡല്‍ഹി എയിംസിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘത്തിലെ 4 പേര്‍ അറസ്റ്റിലായി. ന്യൂഡല്‍ഹി എയിംസിലെ രണ്ടാം വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥി നരേഷ് ബിഷോരിയാണു സംഘത്തിന്റെ മുഖ്യ ആസൂത്രകന്‍. ഇയാളെ കൂടാതെ സഞ്ജു യാദവ്, മഹാവീര്‍, ജിതേന്ദ്ര എന്നിവരും അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവരില്‍ നിന്നു തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കഴിഞ്ഞ മേയ് 7 നു നടന്ന പരീക്ഷയില്‍ 7 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയാണ് ഇവര്‍ ആളുമാറി എഴുതിയതെന്ന് പൊലീസ് അറിയിച്ചു.

ഹരിയാനയില്‍ മറ്റൊരു വിദ്യാര്‍ഥിയുടെ പേരില്‍ പരീക്ഷയെഴുതാനെത്തിയ സഞ്ജുവാണ് ആദ്യം പിടിയിലായത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ മവാത്മലിലും നാഗ്പുരിലും ആളുമാറി എഴുതാനെത്തിയ മഹാവീറും ജിതേന്ദ്രയും പിടിയിലായി. സംഘത്തലവനായ നരേഷിനെ കഴിഞ്ഞ ദിവസം പിടികൂടിയ ശേഷമാണ് പൊലീസ് വാര്‍ത്ത പുറത്തുവിട്ടത്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.

ആളുമാറി പരീക്ഷയെഴുതാന്‍ ഓരോരുത്തരില്‍ നിന്നും 7 ലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നതെന്ന് നരേഷ് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഇതില്‍ ഒരു ലക്ഷം രൂപ മൂന്‍കൂറായി വാങ്ങും. ബാക്കി 6 ലക്ഷം പിടിക്കപ്പെടാതെ പരീക്ഷ എഴുതി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ വാങ്ങും. ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതുന്ന സംഘത്തിലെ 8 പേരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Top