കുന്നംകുളം: തൃശ്ശൂരില്‍ കുന്നംകുളത്ത് ലോഡ്ജില്‍ മയക്കുമരുന്ന് വേട്ട. രണ്ടു സ്ത്രീകളടക്കം നാലുപേരെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
പ്രതികളില്‍ നിന്നും അഞ്ച് ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെത്തിയത്. കൂറ്റനാട് സ്വദേശികളായ ഷഫീക്ക് (32), അനസ് (26), ആലപ്പുഴ ആര്‍ത്തുങ്കല്‍ സ്വദേശിനി ഷെറിന്‍ (29), കൊല്ലം സ്വദേശി സുരഭി (23) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതികള്‍ മയക്കുമരുന്നെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ദിവസത്തോളമായി കുന്നംകുളത്തെ വിവധ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ക്ക് എംഡിഎംഎ എത്തിച്ച മയക്കുമരുന്ന് കണ്ണികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുന്നംകുളം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.