ഇന്ത്യ-ചൈന സംഘര്‍ഷം; നാല് ഇന്ത്യന്‍ സൈനികര്‍ അതീവഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികര്‍ അതീവഗുരതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. സൈനികര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍ സൈനികരെങ്കിലും വീരമൃത്യു വരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു.

അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഘര്‍ഷം. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണ് ഉണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം.

ആദ്യം മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച സൈന്യം പിന്നീട് പരിക്കേറ്റ 17 സൈനികര്‍കൂടി മരണത്തിന് കീഴടങ്ങിയെന്ന് അറിയിക്കുകയായിരുന്നു. ചൈനയുടെ നാല്പ്പതിലേറെ സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top