ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് കണക്കുകള്‍. ഒക്ടോബര്‍ 31 വരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എടുത്തിട്ടുള്ള കേസുകളുടെ വിവരങ്ങളാണ് ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ പുറത്ത് വിട്ടത്. രാജ്യത്ത് മനുഷ്യാവകാശ ലംഘന കേസുകള്‍ കൂടുന്നുണ്ടോയെന്ന് ഡിഎംകെ എംപി എം ഷണ്‍മുഖം രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു.
ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇതിന് മറുപടി നല്‍കിയത്. 2018-19ല്‍ ആകെ 89,584 മനുഷ്യാവകാശ ലംഘന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2019-20 എത്തിയപ്പോള്‍ ഇത് 76,628 ആയി കുറഞ്ഞിട്ടുണ്ട്. 2020-21ല്‍ 74,968 കേസുകളാണ് എടുത്തിട്ടുള്ളത്. 2021-22ല്‍ ഒക്ടോബര്‍ 31 വരെ 64,170 കേസുകള്‍ വന്നതായും ആഭ്യന്തര സഹമന്ത്രി പറഞ്ഞു. ആകെ കേസുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഉത്തര്‍പ്രദേശില്‍ ആണെന്നാണ് വ്യക്തമാകുന്നത്.
2018-19ല്‍ മാത്രം യുപിയില്‍ 41,947 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തൊട്ടടുത്ത വര്‍ഷം 32,693 കേസുകളാണ് എടുത്തിട്ടുള്ളത്. 2020-21ല്‍ ഇത് 30,164 ആയിരുന്നു. 2021-22ല്‍ ഒക്ടോബര്‍ 31 പരിശോധിക്കുമ്പോള്‍ 24,242 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2018 -19ല്‍ രാജ്യ തലസ്ഥാനമായ ദില്ലിയില്‍ 6,562 മനുഷ്യാവകാശ ലംഘന കേസുകളാണ് വന്നിട്ടുള്ളത്. അടുത്ത വര്‍ഷം 5,842 കേസുകളും വന്നിട്ടുണ്ട്. 2020-21ല്‍ 4,972 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 4,972 കേസുകളും എടുത്തിട്ടുണ്ട്.