കാണ്‍പൂര്‍: പാമ്പുകടിയേറ്റ് 40 കൊല്ലം മുമ്പ് ആചാര പ്രകാരം അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ഗംഗയിലൊഴുക്കിയ ജഡം ജീവനോടെ തിരികെയെത്തിയപ്പോള്‍ ഒരു ഗ്രാമമൊന്നാകെ അമ്പരന്നു.
യു.പിയിലാണ് സിനിമാ കഥയെവെല്ലും സംഭവം നടന്നത്. ഇപ്പോള്‍ 82 വയസായ വിലാസ എന്ന സ്ത്രീയാണ് കഴിഞ്ഞ ദിവസം തന്റെ രണ്ട് പെണ്‍മക്കളുടെ മുന്നില്‍ ജീവനോടെ പ്രത്യക്ഷപ്പെട്ടത്.
ആദ്യം ഞെട്ടിയെങ്കിലും സംഗതി അറിഞ്ഞപ്പോള്‍ അമ്മയെ തിരിച്ചികിട്ടിയതില്‍ വീട്ടില്‍ ആഹ്‌ളാദത്തിലാണ് അവര്‍.
1976ലാണ് ഇനയത്പൂര്‍ ഗ്രാമത്തില്‍ വച്ച് വിലാസയ്ക്ക 42ാം വയസിലാണ് പാമ്പ് കടിയേല്‍ക്കുന്നത . പാടത്ത് വൈയ്‌ക്കോല്‍ ശേഖരിക്കുന്നതിനിടെയാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്.
അബോധാവസ്ഥയിലായ അവരെ വീട്ടുകാര്‍ അടുത്ത ഗ്രാമത്തിലെ പാരമ്പര്യ വൈദ്യന്റെ അടുക്കല്‍ ചികിത്സയ്ക്കായി എത്തിച്ചു. എന്നാല്‍, വൈദ്യന്റെ ചികിത്സ ഏറ്റില്ല. അവര്‍ മരിച്ചുവെന്ന് വൈദ്യനും വീട്ടുകാരും വിധിയെഴുതി.
തുടര്‍ന്ന് ആചാര വിധിപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ നടത്തി മൃതദേഹം ഗംഗയിലൊഴുക്കി.
ആ ശരീരം ഒഴുകിയെത്തിയത് സമീപത്തെ കനൗജ് ഗ്രാമാതിര്‍ത്തിയില്‍.
ആ ഗ്രാമത്തിലെ രണ്ടുപേര്‍ ജീവനുള്ള സ്ത്രീ ഒഴുകി വരുന്നതുകണ്ട് രക്ഷിക്കുകയായിരുന്നു. അവിടെ ഒരു ഗ്രാമത്തില്‍ അവര്‍ ജീവിച്ചു.
പിന്നീട് സംഭവിച്ചത് ഇങ്ങനെ:
ഇന്നലെ തങ്ങളുടെ വീടിനു മുന്നില്‍ നില്‍ക്കുന്ന സ്വന്തം അമ്മയെ കണ്ട് രാംകുമാരിയും മുന്നിയും അമ്പരന്നു.
ആദ്യം അവര്‍ക്ക് വിശ്വസിക്കാനായില്ല. മരിച്ചുപോയ അമ്മ 40 കൊല്ലത്തിനുശേഷം തിരികെ വന്നിരിക്കുന്നു. അതോടെ അമ്മ തന്റെ കഥ പറഞ്ഞു.
‘അന്ന് തനിക്ക് ബോധം നഷ്ടപ്പെട്ടു. അതോടെ ഓര്‍മ്മയും പോയി. കഴിഞ്ഞകാലങ്ങളൊന്നും ഓര്‍മ്മയില്ല. എന്നാല്‍, കഴിഞ്ഞ ദിവസം പഴയ സംഭവം ഓര്‍മ്മവന്നു. ആ വിവരം താമസിച്ചുവന്ന ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയോട് പറഞ്ഞു. അവള്‍ അത് ഒരു ബന്ധുവിനെ ധരിപ്പിച്ചു.
പിന്നീട് കാര്യങ്ങള്‍ വേഗത്തില്‍ നടന്നു.’ വിലാസയുടെ ഗ്രാമത്തില്‍ അവരുടെ പ്രായമുള്ള ഒരാളെ കണ്ടെത്തി കാര്യങ്ങള്‍ ചോദിച്ചതോടെ സംഗതി സത്യമാണെന്ന് വ്യക്തമായി.
അയാള്‍ അന്ന് വിലാസയുടെ ‘സംസ്‌കാരച്ചടങ്ങില്‍’ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് തന്റെ കുടുംബത്തിന്റെ അടുത്തേക്ക് മടങ്ങിയെത്താന്‍ വിലാസയ്ക്ക് വഴിയൊരുങ്ങിയത്.