ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 30നകം 4000 കോടി രൂപ തിരിച്ചടയ്ക്കാമെന്ന കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ ഉപാധി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളി. ആറായിരം കോടി രൂപയും അഞ്ച് വര്‍ഷത്തേയ്ക്കുള്ള പലിശയും നല്‍കണമെന്ന് വിജയ് മല്യ ബാങ്കുകള്‍ ആവശ്യപ്പെട്ടു. വിവിധ ബാങ്കുകളില്‍ നിന്നായി കോടികള്‍ വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന മല്യ നിലവില്‍ ലണ്ടനിലാണുള്ളത്.
ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് 900 കോടി രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ട് പണതട്ടിപ്പ് കേസില്‍ ഹാജരാകാന്‍ രണ്ട് തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഹാജരാകാന്‍ മല്യ തയ്യാറായിട്ടില്ല. ഹൈദരാബാദ് കോടതിയുടെ അറസ്റ്റ് വാറണ്ടുകളും വിജയ് മല്യയുടെ പേരിലുണ്ട്. ഇനിയും ഹാജരാകാന്‍ തയ്യാറായില്ലെങ്കില്‍ മല്യയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേയ്ക്ക് നീങ്ങാനാണ് അധികൃതര്‍ ആലോചിക്കുന്നത്.