40,000 കിലോ ലഹരിമരുന്ന് അഗ്നിക്കിരയാക്കി എന്‍സിബി

ഗുവാഹത്തി: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏജൻസികളും പിടിച്ചെടുത്ത 40,000 കിലോ ലഹരി മരുന്ന് നശിപ്പിച്ചു. വെർച്വൽ ആയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ലഹരി മരുന്ന് അഗ്നിക്കിരയാക്കിയത്. എൻസിബി പിടിച്ചെടുത്ത 11,000 കിലോഗ്രാം മയക്കുമരുന്നാണ് ഗുവാഹത്തിയിൽ നശിപ്പിച്ചത്. അസം സർക്കാർ ഏജൻസികൾ പിടിച്ചെടുത്ത 8,000 കിലോഗ്രാം മയക്കുമരുന്നും കത്തിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സാന്നിധ്യത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏകദേശം 40,000 കിലോ ലഹരിമരുന്നാണ് നശിപ്പിക്കപ്പെട്ടതെന്ന് അമിത് ഷായുടെ ഓഫീസ് അറിയിച്ചു. ഗുവാഹത്തിയിൽ നിന്നാണ് ലഹരി മരുന്ന് നശിപ്പിക്കുന്നത് ആഭ്യന്തര മന്ത്രി അമിത് ഷാ കണ്ടത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ അസമിൽ എത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എൻസിബി കണ്ടുകെട്ടിയ മയക്കുമരുന്ന് നശിപ്പിക്കാൻ ജൂൺ ഒന്ന് മുതൽ പ്രത്യേക ദൗത്യം നടത്തുന്നതായി വെള്ളിയാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

സ്വാതന്ത്ര്യത്തിൻറെ 75-ാം വാർഷികത്തോടനുബന്ധിച്ച്, 75 ദിവസത്തെ ഈ പ്രത്യേക ക്യാമ്പയിനിലൂടെ ബ്യൂറോയുടെ എല്ലാ പ്രാദേശിക യൂണിറ്റുകളും ചേർന്ന് 75,000 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിക്കുമെന്നും എൻസിബി തീരുമാനിച്ചിരുന്നു. ഈ സമയപരിധി അവസാനിക്കുന്നതിന് വളരെ മുമ്പേ തന്നെ 60 ദിവസത്തിനുള്ളിൽ എൻസിബി ഈ ലക്ഷ്യത്തിലേക്കെത്തിയിരുന്നു.

Top