ഉത്തരാഖണ്ഡ്: സില്‍കാരയിലെ ദേശീയപാതയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍കുടുങ്ങിയ 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. തുരങ്കത്തിനുള്ളിലേക്ക് എന്‍ഡോസ്‌കോപ്പിക് ഫ്ളെക്സി ക്യാമറ എത്തിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുരങ്കത്തില്‍ കുടുങ്ങിയവരുമായി രക്ഷാപ്രവര്‍ത്തകസംഘം സമ്പര്‍ക്കം പുലര്‍ത്താന്‍ നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്.
കുടുങ്ങിയ തൊഴിലാളികള്‍ക്ക് തങ്ങളെ കേള്‍ക്കാന്‍ സാധിക്കുന്നതായും എന്‍.എച്ച്.ഐ.ഡി.സി.എല്‍. ഡയറക്ടര്‍ അന്‍ഷു ഖാല്‍കോ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. തൊഴിലാളികള്‍ സുരക്ഷിതരായി തുടരുന്നുവെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. രക്ഷാപ്രവര്‍ത്തനം ഫലം കാണുന്നതിനും തൊഴിലാളികള്‍ സുരക്ഷിതരായി പുറത്തുവരുന്നതിനുമായി കാത്തിരിക്കുകയാണ് നാടും കുടുംബങ്ങളും.
നവംബര്‍ 12 ഞായറാഴ്ച പുലര്‍ച്ചെ 5.30-നായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടാവുന്നത്. ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം ഭാഗികമായി തകര്‍ന്നു. നാലര കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്. 41 ജീവനുകള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ചപ്പോലെ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ സാധിച്ചില്ല. 10-ാം ദിവസവും തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ തന്നെ.തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ ആശങ്കയോടെ പ്രദേശത്ത് തുടര്‍ന്നു.