മെക്ക: ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളം വഴി ഇതുവരെ മൂന്നു ലക്ഷത്തി പതിനായിരം തീര്‍ത്ഥാടകര്‍ ഹജ്ജിനെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം വര്‍ദ്ധനവാണ് ഈ പ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്നതെന്നു സൗദി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. ഹജ്ജ് ടെര്‍മിനലില്‍ നിന്നും തീര്‍ത്ഥാടകരുടെ നടപടി ക്രമങ്ങള്‍ വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നുണ്ട്.
ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ ആരംഭിച്ചതുമുതല്‍ ഇതുവരെ 1535 വിമാനങ്ങളാണ് ഹാജിമാരെയും കൊണ്ട് ജിദ്ദ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഹാജിമാരെ സ്വീകരിക്കുന്നതിനും എമിഗ്രെഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും ഹൈടെക്ക് സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട് .
ഒരു മണിക്കൂറില്‍ 3,800 തീര്‍ത്ഥാടകരുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നു ഹജ്ജ് ആന്റ് ഉംറ വകുപ്പ് മന്ത്രി മുഹമ്മദ് സാലിഹ് ബന്ദന്‍, ഗതാഗത വകുപ്പ് മന്ത്രി നബീല്‍ അല്‍ അമൂദി, സിവില്‍ ഏവിയേഷന്‍ പ്രസിഡണ്ട് അബ്ദുല്‍ ഹകീം അല്‍ തമീമി എന്നിവര്‍ ഹജ്ജ് ടെര്‍മിനല്‍ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ ടെര്‍മിനലിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ വരവ് അടുത്ത വ്യാഴാഴ്ച വരെ തുടരും. ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം പുറപ്പെടുന്നത്. 300 തീര്‍ത്ഥാടകരുമായി വ്യാഴാഴ്ച രാവിലെ 7.15 നാണ് ഈ വിമാനം ജിദ്ദയിലെത്തുന്നത്. കൊച്ചിയില്‍ നിന്നും 410 തീത്ഥാടകരുമായി കേരളത്തില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനവും വ്യാഴാഴ്ച പുലര്‍ച്ചെ 3.30 നു ജിദ്ദയിലെത്തും.