മാലി: ആഫ്രിക്കന്‍ രാജ്യമായ മാലിയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 42 മാലിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. മാലിയിലെ ടെസിറ്റ് പട്ടണത്തിന് സമീപമാണ് ആക്രമണം നടന്നത്. 22 പേര്‍ക്ക് പരിക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് അനുബന്ധ സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്ന് മാലി സര്‍ക്കാര്‍ വെളിപ്പെടുത്തി. പശ്ചിമാഫ്രിക്കയിലെ സഹേല്‍ മേഖലയിലുടനീളം വ്യാപിച്ചുകിടക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി പൊരുതുന്ന മാലിയന്‍ സൈന്യത്തിന് സമീപ വര്‍ഷങ്ങളിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.
മണിക്കൂറുകളോളം നീണ്ടുനിന്ന കനത്ത പോരാട്ടത്തില്‍ 37 ഭീകരരെ സൈനികര്‍ വധിച്ചു. ഡ്രോണുകള്‍, സ്ഫോടകവസ്തുക്കള്‍, കാര്‍ ബോംബുകള്‍, പീരങ്കികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് ആക്രമണം ഉണ്ടായത്. സായുധ തീവ്രവാദ ഗ്രൂപ്പുകളുടെ സംയോജിച്ചുള്ള ആക്രമണത്തില്‍ ടെസിറ്റിലെ മാലി സൈന്യം ശക്തമായി പ്രതികരിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജൂലൈ അവസാനം രാജ്യത്തെ പ്രധാന സൈനിക താവളത്തിന് നേരെ അല്‍ ഖ്വയ്ദയുടെ ഒരു അനുബന്ധ സംഘടന ആക്രമണം നടത്തിയിരുന്നു.