ലോസ് ആഞ്ചലസ്: യു.എസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 44 ആയി. വടക്കന്‍ കാലിഫോര്‍ണിയയില്‍ 42 പേരും ദക്ഷിണ കാലിഫോര്‍ണിയയി രണ്ടു പേരും മരിച്ചു. വടക്കന്‍ കാലിഫോര്‍ണിയയില്‍ ഇരുനൂറിലധികം പേരെ കാണാതായിട്ടുണ്ട്.
14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ബന്ധുക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ച് മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
കാട്ടുതീയെ തുടര്‍ന്നു 300,000 ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. മൂന്നിടങ്ങളിലാണ് കാട്ടുതീ പടരുന്നത് സംസ്ഥാനത്തിന്റെ വടക്ക് കാന്പ് ഫയര്‍, തെക്ക് വൂള്‍സ്‌ലി ഫയറും ഹില്‍ ഫയറും. 7,000 കെട്ടിടങ്ങളെ തീ വിഴുങ്ങി. പാരഡൈസ് നഗരത്തിലെ 90 ശതമാനം ഭവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 1.17 ലക്ഷം ഏക്കര്‍ ഭൂമിയാണ് കത്തിനശിച്ചത്. 6,453 വീടുകളെ തീ വിഴുങ്ങി. ദുരന്തത്തെ നേരിടാന്‍ ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ പറഞ്ഞിരുന്നു.