അബുദാബി: യുഎഇയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മരുന്നുകളുടെ ദുരുപയോഗം മൂലം മരിച്ചത് 45 പേര്‍. ആഭ്യന്തര വകുപ്പ് അധികൃതറാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2017ല്‍ 13 പേരും 2018ല്‍ അഞ്ച് പേരുമാണ് മരുന്നുകളുടെ ദുരുപയോഗം കാരണം മരണപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ആന്റി ഡ്രഗ് ഫെഡറല്‍ ഡയറക്ടറര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് അല്‍ സുവൈദി പറഞ്ഞു.
നിലവാരമില്ലാത്തതും നിരോധിക്കപ്പെട്ടതുമായ മരുന്നുകള്‍ രാജ്യത്ത് എത്താതിരിക്കാന്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സഈദ് അല്‍ സുവൈദി പറഞ്ഞു. യുഎഇയിലേക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നിരോധിത മരുന്നുകള്‍ കടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 2017 ല്‍ ഏഷ്യന്‍ രാജ്യത്തുനിന്ന് യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച 52,809 കിലോ നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. 2016ല്‍ 1430 കിലോയും 2018ല്‍ 4413 കിലോയും നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
മരുന്നുകളുടെ രാസഘടകങ്ങള്‍ പരിശോധിക്കാനുള്ള ലബോറട്ടറി സംവിധാനങ്ങള്‍ രാജ്യത്തുണ്ടെന്നും നിരോധിക്കപ്പെട്ടതൊ നിലവാരമില്ലാത്തതൊ ആയ മരുന്നുകള്‍ രോഗികള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും തയ്യാറാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പറഞ്ഞു.
മരുന്നുകളുടെ ദുരുപയോഗം തടയാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങള്‍, ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, രോഗികള്‍, ജനറിക് മരുന്നുകളുടെ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ എന്നിവരുടെയൊക്കെ സഹകരണം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.