4500 വർഷം പഴക്കമുള്ള പ്രതിമ പറമ്പിൽ കണ്ടെത്തി, ഞെട്ടി കർഷകൻ!

സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും യുദ്ധത്തിന്റെയും പ്രതീകമായി കണക്കാക്കുന്ന ഒരു പുരാതന ദേവതയുടെ ശിലാ പ്രതിമ ഗാസാ മുനമ്പിൽ കണ്ടെത്തി. പലസ്തീൻ പുരാവസ്തു ഗവേഷകർ പറയുന്നത്, അനറ്റ് എന്ന ഈ കനാന്യദേവതയുടെ പ്രതിമയ്ക്ക് 4,500 വർഷം പഴക്കമുണ്ട് എന്നാണ്. മുനമ്പിന്റെ തെക്ക് ഭാഗത്തുള്ള ഖാൻ യൂനിസിൽ തന്റെ ഭൂമിയിൽ പണി ചെയ്‍തുകൊണ്ടിരുന്ന ഒരു കർഷകനാണ് ഈ പ്രതിമ കണ്ടെത്തിയത്.

22 സെന്റീമീറ്ററാണ് (8.7 ഇഞ്ച്) കിട്ടിയ പ്രതിമയുടെ വലിപ്പം. അതിൽ കൊത്തുപണിയുള്ള സർപ്പ കിരീടം ധരിച്ച ദേവതയുടെ മുഖം വ്യക്തമായി കാണാം. “യാദൃച്ഛികമായിട്ടാണ് ഞങ്ങളിത് കണ്ടെത്തിയത്. ഇത് ചെളി നിറഞ്ഞതായിരുന്നു, ഞങ്ങളിത് കഴുകി വൃത്തിയാക്കി” കർഷകനായ നിദാൽ അബു ഈദ് പറഞ്ഞു.

“ഇത് അമൂല്യമായ ഒരു വസ്തുവാണെന്ന് ഞങ്ങൾ മനസ്സിലാക്കി, പക്ഷേ ഇതിന് ഇത്രയും വലിയ പുരാവസ്തു മൂല്യമുണ്ടെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു” എന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. “ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു, കനാന്യരുടെ കാലം മുതൽ അത് നമ്മുടെ നാട്ടിൽ, പലസ്തീനിൽ നിലനിന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു” എന്നും അദ്ദേഹം പറഞ്ഞു. അനറ്റിന്റെ പ്രതിമ ഇപ്പോൾ ഖസർ അൽ-ബാഷയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ​ഗാസയിൽ പ്രവർത്തിക്കുന്ന ചുരുക്കം ചില മ്യൂസിയങ്ങളിൽ ഒന്നാണ് ഖസർ അൽ-ബാഷ.

ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ പുരാവസ്തു അനാച്ഛാദനം ചെയ്തു. ഹമാസിന്റെ കീഴിലുള്ള ടൂറിസം ആൻഡ് പുരാവസ്തു മന്ത്രാലയത്തിലെ ജമാൽ അബു റിദ, പ്രതിമ കാലത്തെ അതിജീവിക്കുന്നതാണ് എന്നും വിദഗ്ധർ ശ്രദ്ധാപൂർവ്വം പരിശോധിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ, കണ്ടെത്തൽ ചില രാഷ്ട്രീയചർച്ചകളിലേക്കും കടന്നിട്ടുണ്ട്. ഇതാണ് പലസ്തീന്റെ ചരിത്രവും പാരമ്പര്യവും അത് ആർക്കും നിഷേധിക്കാനാവില്ല എന്നാണ് ജമാൽ അബു റിദ പറഞ്ഞത്.

സൈനിക താവളങ്ങൾക്കും വീടുകൾക്കും വഴിയൊരുക്കുന്നതിനായി കനാൻ നഗരമായ ടെൽ അൽ-സക നശിപ്പിച്ചതായി മുമ്പ് ആരോപണമുയർന്നിരുന്നു. അതുപോലെ ഇതുപോലെയുള്ള നിരവധി കണ്ടെത്തലുകൾ അപ്രത്യക്ഷമായതായും ആരോപണമുയർന്നിരുന്നു. ഗ്രീക്ക് ദേവനായ അപ്പോളോയുടെ ഒരു പൂർണകായ വെങ്കലപ്രതിമ 2013 -ൽ ഒരു മത്സ്യത്തൊഴിലാളി കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് അത് ദുരൂഹമായി അപ്രത്യക്ഷമായതായും ആരോപണമുണ്ട്.

Top