വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 48.8 ലക്ഷം കടന്ന സാഹചര്യത്തില്‍ ആശങ്കയുളവാക്കുന്നു. 3.2 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. അമേരിക്കയില്‍ മാത്രം രോഗികളുടെ എണ്ണം 15.5 ലക്ഷം കടന്നു. ഇവിടെ മോഡേണ എന്ന കമ്പനി വികസിപ്പിക്കുന്ന കൊവിഡ് വാക്സിന്റെ പ്രാരംഭ പരീക്ഷണങ്ങള്‍ ഫലപ്രദമെന്ന് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കഴിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തി. കൊവിഡിനെതിരെ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്ന് ആരോപിച്ച് അമേരിക്ക വീണ്ടും രംഗത്തെത്തി.
റഷ്യയില്‍ പുതിയ കേസുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പതിനായിരത്തില്‍ താഴെയായത് ആശ്വാസമായി. പതിനാലായിരത്തിലേറെ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടരലക്ഷം കടന്നു. ബ്രിട്ടണില്‍ രോഗലക്ഷണങ്ങളുള്ള അഞ്ച് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ അനുമതി നല്‍കുന്നതായി ആരോഗ്യസെക്രട്ടറി അറിയിച്ചു.