കാശ്മീരിലെ 4ജി പുന:സ്ഥാപനം; കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ 4ജി സേവനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. ഓഗസ്റ്റ് 11നകം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രത്തിനും ജമ്മു കശ്മീര്‍ ഭരണകൂടത്തിനും സുപ്രീം കോടതി നിര്‍ദേശം നല്‍കി.

ലഫ്. ഗവര്‍ണര്‍ ജി സി മുര്‍മു 4 ജി പുനസ്ഥാപിക്കുന്നതില്‍ യാതൊരു പ്രയാസവുമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് എന്‍. വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിലെ മൂന്ന് ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡി സര്‍ക്കാരിനു വേണ്ടി ഹാജരായ തുഷാര്‍ മെഹ്തയോട് പറഞ്ഞു.

അതേസമയം ലഫ്. ഗവര്‍ണര്‍ രാജിവെച്ച വിവരം കോടതിയെ അറിയിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇക്കാര്യം പരിശോധിക്കാന്‍ സാവകാശം വേണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ് 11ന് വീണ്ടും പരിഗണിക്കും.

Top