ആലപ്പുഴ: പുതുവത്സരാഘോഷത്തിനിടെ കായംകുളത്ത് നാലാം ക്ലാസുകാരനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് ഇന്ന് പരാതി നല്‍കും. പടക്കം പൊട്ടിക്കുന്നത് കാണാന്‍ അച്ഛനൊപ്പം എത്തിയ ഒന്‍പത് വയസുകാരനെ മഫ്റ്റിയിലുണ്ടായിരുന്ന പൊലീസ് ലാത്തി കൊണ്ട് തല്ലിയെന്നാണ് പരാതി.
എന്നാല്‍ ആഘോഷം അതിര് വിട്ടപ്പോള്‍ യുവാക്കളെ മാത്രമാണ് മര്‍ദിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. ഗതാഗത തടസ്സം ഉണ്ടാക്കി ആഘോഷം നടത്തിയ യുവാക്കള്‍ക്കെതിരെയാണ് ലാത്തി വീശിയതെന്നും മഫ്റ്റി പൊലീസ് ഉണ്ടായിരുന്നില്ലെന്നുമാണ് കായംകുളം പൊലീസിന്റെ വിശദീകരണം. നേരത്തെ കുട്ടിയില്‍ നിന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ മൊഴിയെടുത്തിരുന്നു. കുട്ടിയാണെന്നറിഞ്ഞിട്ടും മഫ്റ്റിയിലുള്ള പൊലീസുകാരന്‍ ലാത്തി കൊണ്ട് മര്‍ദിച്ചുവെന്നാണ് പരാതി. കുട്ടിയുടെ പുറത്താണ് അടിയേറ്റത്. പരിക്കേറ്റ നാലാംക്ലാസുകാരന്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.