പൗരത്വ ബില്‍; രോഷം ആളിക്കത്തുമ്പോള്‍ തടയിടാന്‍ 5000 അര്‍ധ സൈനികര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് രാജ്യസഭയിലും അവതരിപ്പിച്ചതിനു പിന്നാലെ അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തെ വിന്യസിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ . 5000 അര്‍ധ സൈനികരെയാണ് വിന്യസിക്കുന്നത്.

സിആര്‍പിഎഫ്, ബിഎസ്എഫ്, സശസ്ത്ര സീമാ ബല്‍ എന്നീ വിഭാഗങ്ങളെയാണ് വ്യോമമാര്‍ഗം എത്തിച്ചത്. കശ്മീരില്‍നിന്ന് പിന്‍വലിച്ച 2000 അര്‍ധ സൈനികരും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതിനു പുറമെ 70 സൈനികരെ അസമിലേക്ക് അയച്ചിട്ടുണ്ടെന്ന് സൈനിക വക്താവ് കേണല്‍ അമാന്‍ ആനന്ദിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പോലീസിന്റെ ദ്രുത കര്‍മസേനയെ അസമിലെ ദീബ്രുഘട്ട് ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.

വടക്കു കിഴക്കന്‍ സംസ്ഥാനളില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുകയാണ്. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ അസമിലെ ദിസ്പുര്‍, ഗുവഹാട്ടി, ദീബ്രുഘട്ട്, ജോര്‍ഘട്ട് എന്നിവിടങ്ങളില്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി. സ്ത്രീകളും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു.

Top