പരിശോധനാ ഫലം നെഗറ്റീവ്‌; അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്ക് കോവിഡില്ല

ന്യൂഡല്‍ഹി: കോവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്ക് രോഗമില്ലെന്ന് പുതിയ പരിശോധനാഫലം. വീണ്ടും നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. കോവിഡ് പരിശോധിക്കുന്ന ആര്‍.ടി-പി.സി.ആര്‍ കിറ്റിന് ഉണ്ടായ തകരാറാകാം പരിശോധനാഫലം തെറ്റായതിന് കാരണമെന്നാണ് നിഗമനം.

പോസിറ്റീവ് ഫലം ലഭിച്ച അഞ്ച് പേരും സ്രവമെടുക്കുന്നതിനുള്ള ക്യൂവില്‍ അടുത്തടുത്ത് നിന്നിരുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും തന്നെ കോവിഡ് രോഗലക്ഷണങ്ങളില്ല.

പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമായാണ് 77 എയര്‍ ഇന്ത്യ പൈലറ്റുമാരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. ഇവരില്‍ അഞ്ച് പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ അഞ്ച് പേരെയും ഹോം ക്വാറന്റീനില്‍ പറഞ്ഞയച്ചു.

മുംബൈ സ്വദേശികളായ അഞ്ച് പേരും ബോയിങ് 787ല്‍ ജോലി ചെയ്യുന്നവരാണ്. ഏപ്രില്‍ 20നാണ് ഇവര്‍ അവസാനമായി ജോലി ചെയ്തത്.

മഹാരാഷ്ട്രയില്‍ ഇതുവരെ 20,000 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിലെ 12,000 കേസുകളും മുംബൈയില്‍ നിന്നാണ്. ‘ഓപറേഷന്‍ വന്ദേ ഭാരത്’ എന്ന് പേരിട്ട കോവിഡ്കാലത്തെ പ്രവാസികളുടെ മടക്കയാത്രയില്‍ മെയ് 7 മുതല്‍ 15 വരെ 64 വിമാനങ്ങളിലായി 15,000 പേരെയാണ് എയര്‍ ഇന്ത്യ നാട്ടിലെത്തിക്കുന്നത്.

Top