തിരുവനന്തപുരം: വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെ മേയര്‍ തെരഞ്ഞെടുപ്പും അവസാനിച്ചു. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഭരണം എല്‍ഡിഎഫ് സ്വന്തമാക്കിയതോടെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചും നേടി ഇടതു മുന്നണി ശക്തരായി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് ഭരണം നേടിയത്.
കൊച്ചിയില്‍ മാത്രമാണ് യുഡിഎഫിന് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞത്. ആര്‍ക്കും ഭൂരിപക്ഷമില്ലായിരുന്ന തിരുവനന്തപുരത്തും തൃശൂരിലും എല്‍ഡിഎഫ് നോമിനികള്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരത്ത് വി. കെ പ്രശാന്ത്, കൊല്ലത്ത് വി. രാജേന്ദ്ര ബാബു, തൃശൂരില്‍ അജിത ജയരാജന്‍, കോഴിക്കോട്ട് വി. കെ. സി മമ്മദ് കോയ, കണ്ണൂരില്‍ ഇ.പി ലത എന്നിവരാണ് മേയര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടത്.
കണ്ണൂരില്‍ വിമതന്റെ പിന്തുണയോടെ ഭരണം നേടാനാകുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചത്. എന്നാല്‍ വിമതന്‍ കാലുമാറിയതോടെ കൊച്ചി കോര്‍പ്പറേഷന്റെ ഭരണം മാത്രം നേടി യുഡിഎഫ് ഒതുങ്ങുകയായിരുന്നു.